ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്..

ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം
മറക്കണ്ട ഈ വിദ്യകള്‍
ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്..
അമ്മേ എന്റെ ചുണ്ടുകള്‍ കണ്ടോ ആകെ വരണ്ടു വൃത്തികേട് ആയിരിക്കുന്നു .. എന്താ ചെയ്യുക..
മകളുടെ പരാതി അമ്മ ചിരിച്ചു. പിന്നെ പറഞ്ഞു – തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടു പോകുന്നത് സ്വാഭാവികമാണ്. അതിനിത്ര ടെന്‍ഷനടിക്കാന്‍ ഒന്നുമില്ല.
അമ്മ തണുപ്പുകാലത്തേക്കാള്‍ കൂളായി ഇതു പറയുന്നത് കേട്ട് മകള്‍ അമ്പരന്ന് അമ്മയെ നോക്കി.
വീണ്ടും ഒരു ചെറു ചിരിയോടെ അമ്മ തുടര്‍ന്നു..
നീ അടുക്കളയില്‍ കയറ്, അവിടെയുണ്ട് നിന്റെ ചുണ്ടുകള്‍ സുന്ദരമാക്കാനുള്ള പൊടിക്കൈകള്‍.
ഈ തണുപ്പുകാലത്ത് തന്നെ അമ്മ അടുക്കളയില്‍ കയറ്റി പണിയെടുപ്പിക്കാന്‍ ഉള്ള തന്ത്രമാണോ എന്ന് മകള്‍ സംശയിച്ചു.
അതു മനസ്സിലാക്കിയ അമ്മ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു എല്ലാം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ് മോളെ…
മകളുടെ കൈയും പിടിച്ച് അമ്മ നേരെ അടുക്കളയിലേക്ക് ചെന്നു.
അവിടെ ഷെല്‍ഫില്‍ ഇരുന്ന് തേന്‍ കുപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു.
പിന്നെ പറഞ്ഞു കൊടുത്തു –
മോളൂട്ടി..
തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് സ്വഭാവികമാണ്. ചുണ്ടിലെ ചര്‍മ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതുമായതിനാല്‍ ചുണ്ടുകള്‍ക്ക് അധികസംരക്ഷണം ആവശ്യമാണ്. തണുപ്പുകാലത്ത്
വരണ്ട ചുണ്ടുകള്‍ അകറ്റാന്‍ വേറെ എവിടെയും പോണ്ട നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് കുറെയൊക്കെ സൂത്രവിദ്യകള്‍.
നീ ഇപ്പോള്‍ തേന്‍ എടുത്ത് ചുണ്ടുകള്‍ക്ക് കൊടുക്ക്. തേന്‍ ചുണ്ടുകള്‍ക്ക് നല്ലൊരു മോയിസ്ചുറൈസര്‍ ആണ്. തേന്‍ വെറുതെ ചുണ്ടില്‍ പുരട്ടുകയോ ,തേനും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുന്നത് നല്ല സോഫ്റ്റ് ആയ ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കും.
പിന്നെ നീ മധുരപ്രിയയാണല്ലോ…
മകള്‍ തേനെടുത്ത് ചുണ്ടുകളില്‍ തേച്ചുപിടിപ്പിച്ചു.
ഇടയ്ക്ക് തേന്‍ ഒന്ന് നൊട്ടിനുണഞ്ഞു കൊണ്ട് ഇനിയെന്താ അടുത്ത വിദ്യ എന്ന് അവള്‍ അമ്മയോട് ചോദിച്ചു.
ഇനിയല്‍പ്പം കോസ്റ്റ്‌ലിയാണ്, എന്നാലും എന്റെ പുന്നാരയ്ക്കു വേണ്ടിയല്ലേ എന്നും പറഞ്ഞുകൊണ്ട് അമ്മ ഒലിവ് ഓയില്‍ എടുത്തു.
ഒലിവ് ഓയില്‍ കാണിച്ചുകൊടുത്തുകൊണ്ട് അമ്മ പറഞ്ഞു – ഇതും നിന്റെ ചുണ്ടുകളുടെ പ്രശ്‌നത്തിന് പറ്റിയ പരിഹാരമാര്‍ഗമാണ്.
ഒലിവ് ഓയില്‍ ചുണ്ടില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും.
ഒരു ബ്യൂട്ടീഷനെ പോലെ പറഞ്ഞു നിര്‍ത്തി അമ്മ മകളെ നോക്കി.
ഇനി എന്തെങ്കിലും ഉണ്ടോ അമ്മേ എന്ന് മകള്‍ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ ഈ പാല്‍ ഒന്ന് കാച്ചിക്കോട്ടെ, ഒന്ന് ക്ഷമിക്ക്..
പാല്‍ക്കാച്ചിയ ശേഷം പാല്‍പ്പാട മാറ്റി ഒരു പാത്രത്തിലേക്ക് വെച്ച് അമ്മ അതെടുത്ത് മകളെ ഏല്‍പ്പിച്ചു.
പിന്നെ അടുത്ത സൂത്രം പറഞ്ഞുകൊടുത്തു.
ഈ പാല്‍പ്പാട പോലെ സോഫ്റ്റ് ആകണം ചുണ്ടുകളെങ്കില്‍ ഈ പാല്‍പ്പാട ചുണ്ടില്‍ തേച്ചാല്‍ മതി.
വിശ്വാസം വരാതെ അമ്മയെ നോക്കിയ മകളോട് അമ്മ തുടര്‍ന്നു –
ദിവസവും പാല്‍പാട 10 മിനിറ്റ് ചുണ്ടില്‍ പുരട്ടിയ ശേഷം ഒരു കോട്ടന്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി തുടച്ചാല്‍ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകള്‍ ലഭിക്കും.
ശരിക്കും…. വിശ്വാസമാകാതെ മകള്‍ ഉറക്കെ ചോദിച്ചു പോയി..
അപ്പോള്‍ അമ്മ ഇതെല്ലാം സ്ഥിരമായി… മകള്‍ ചോദിച്ചപ്പോള്‍ അമ്മ ചിരിച്ചുകൊണ്ട് തലയാട്ടി..
പിന്നെ പറഞ്ഞു.
മാതാപിതാ ഗുരു ഗൂഗിള്‍ ദൈവം എന്നല്ലേ മോളെ.. അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെ പറഞ്ഞു തന്ന കുറേ സൂത്രപ്പണികള്‍, അറിവുള്ളവര്‍ പറഞ്ഞു തന്ന കാര്യങ്ങള്‍, പിന്നെ ഇപ്പോള്‍ നമ്മുടെ ഗൂഗിള്‍ മോള്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍…
നീ ഇതൊക്കെ ചെയ്തു നോക്ക് ഭംഗിയുള്ള ചുണ്ടുകള്‍ വരും..
ഒരു കാര്യം വിട്ടു പോയി.. വരണ്ടുപോയ ചുണ്ടിനെ നന്നാക്കിയെടുക്കാന്‍ പെട്രോളിയം ജെല്ലി സൂപ്പറാണ്.
ചുണ്ടുകള്‍ക്ക് ജലാംശം നിലനിര്‍ത്താന്‍ പെട്രോളിയം ജെല്ലി വളരെ നല്ലതാണ്. ഇത് ചുണ്ടുകള്‍ പൊട്ടുന്നതിനും ചുണ്ടുകളെ ഈര്‍പ്പമുള്ളതാക്കുന്നതിനും എല്ലായ്‌പ്പോഴും വരണ്ട അവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.
അതും കൂടി കേട്ടതോടെ മകള്‍ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
എന്റെ അമ്മ ഒരു സംഭവമാണ്.
ഇത്രയും നല്ല കാര്യങ്ങള്‍ പറഞ്ഞു തന്ന ഇരിക്കട്ടെ ഒരു തേനുമ്മ എന്നും പറഞ്ഞ് അവള്‍ അമ്മയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്തു.
.






