വിജയ് സംസാരിക്കുമ്പോള്‍ വൈദ്യൂതി വിഛേദിക്കാന്‍ ടിവികെ നേതാക്കള്‍ ആവശ്യപ്പെട്ടു ; ഗുരുതരമായ ആരോപണവുമായി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ; അപേക്ഷ നിരസിച്ചു

കരൂര്‍: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ നടന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് സംസാരിക്കുന്ന സമയത്ത് വൈദ്യുതി വിച്ഛേദിക്കാന്‍ ടിവികെയുടെ പടിഞ്ഞാറന്‍ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നതായി തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് (ടിഎന്‍ഇബി) ചീഫ് എന്‍ജിനീയര്‍. ഇത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ടിഎന്‍ഇബിയുടെ പ്രസ്താവന.
വിജയുടെ റാലിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്, സെപ്റ്റംബര്‍ 26-ന് വിജയുടെ പ്രസംഗവേളയില്‍ വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പടിഞ്ഞാറന്‍ സെക്രട്ടറി ടിഎന്‍ഇബിക്ക് കത്ത് നല്‍കിയിരുന്നതായി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. ഈ ആവശ്യം അന്നുതന്നെ തള്ളിക്കളഞ്ഞതായും അദ്ദേഹം അറിയിച്ചു. റാലി സമയത്ത് ലൈറ്റുകള്‍ കത്തിയിരുന്നുവെന്ന് എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്നിരിക്കെ സംഘാടകര്‍ സ്ഥാപിച്ച ജനറേറ്ററുകളും ഫോക്കസ് ലൈറ്റുകളും ജനക്കൂട്ടം കാരണം ഓഫായതാണെന്നും പറഞ്ഞു. സെപ്റ്റംബര്‍ 26-ന് വിജയ് സംസാരിക്കുന്ന സമയത്ത് വൈദ്യുതി വിച്ഛേദിക്കാന്‍ ടിവികെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഉടനടി നിരസിച്ചതായും ടിഎന്‍ഇബി പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഡിഎംകെയുടെ പ്രേരണയാലാണ് സംഭവം നടന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
മരിച്ചവരില്‍ 18 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. ഈ സംഭവത്തിന് ശേഷം, ടിവികെ നേതാവ് വിജയ് തന്റെ പട്ടിനപ്പാക്കം പെന്റ്ഹൗസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അടുത്ത നടപടികള്‍ ചര്‍ച്ച ചെയ്തു. മരിച്ച 41 പേരില്‍ 18 സ്ത്രീകളും 13 പുരുഷന്മാരും അഞ്ച് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 34 പേര്‍ കരൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്, ഈറോഡ്, തിരുപ്പൂര്‍, ദിണ്ടിഗല്‍ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതവും സേലം ജില്ലയില്‍ നിന്ന് ഒരാളുമാണ് മരിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രഖ്യാപിച്ചു.






