Newsthen SpecialReligion

135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല.

രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും.

Signature-ad

ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ ക്ഷേത്ര സമുച്ചയത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദസറ ദിവസം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നന്മയുടെ വിജയത്തിനായി രാവണന്റെ കോലം കത്തിക്കുമ്പോള്‍, ദശാനന്‍ മന്ദിറില്‍ ഭക്തര്‍ വിളക്കുകള്‍ കത്തിച്ചും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചും രാവണനില്‍ നിന്ന് ജ്ഞാനത്തിനും ശക്തിക്കും വേണ്ടിയുള്ള അനുഗ്രഹം തേടാന്‍ ഒത്തുകൂടുന്നു. അഞ്ച് അടി ഉയരമുള്ള രാവണന്റെ വിഗ്രഹം ഈ ക്ഷേത്രത്തിലുണ്ട്. ഇത് ദസറ ദിവസം മാത്രമേ ഭക്തര്‍ക്ക് കാണാന്‍ സാധിക്കൂ.

വര്‍ഷത്തിലെ മറ്റ് 364 ദിവസവും ഈ വിഗ്രഹം തുണികൊണ്ട് മൂടിവെച്ചിരിക്കും, ഇത് രാവണന്റെ തടവറ വാസത്തെ പ്രതീകവല്‍ക്കരിക്കുന്നു. ഈ വര്‍ഷം, ക്ഷേത്രം രാവിലെ തന്നെ തുറക്കും. പ്രത്യേക ആരതിയും നടക്കും. വൈകുന്നേരം രാവണന്റെ കോലം കത്തിച്ച ശേഷം ക്ഷേത്രനട വീണ്ടും അടയ്ക്കും, അടുത്ത ദസറക്ക് മാത്രമേ പിന്നീട് തുറക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: