ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു

കെയ്റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി.
ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന് കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു.
1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍ ഹമാസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 1980കളില്‍ ഇയാള്‍ സുന്നി ഇസ്ലാമിക് മുന്നേറ്റമായ മുസ്ലിം ബ്രദര്ഹുഡിലാണു ചേര്‍ന്നത്. ഇതില്‍നിന്നാണ് ഹമാസ് ഉയര്‍ന്നുവന്നത്. ഹാനിയയുടെയും സിന്‍വറിന്റെയും സമകാലികന്കൂടിയായ ഖലീലിനെ നിരവധി തവണ ഇസ്രയേല്‍ പിടികൂടിയിട്ടുണ്ട്.
2007ല്‍ ഇസ്രയേല്‍ ഗാസയിലെ കുടുംബ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ബന്ധുക്കള്‍ കൊല്ലപ്പെട്ടു. 2014ല്‍ വീണ്ടും യുദ്ധമുണ്ടായപ്പോള്‍ ഖലീലിന്റെ മൂത്തമകനും ഭാര്യയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. ഈ സമയം ഖലീല്‍ അവിടെയുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗാസ വിട്ട ഖലീല്‍, ഹമാസിനും അറബ് രാജ്യങ്ങള്‍ക്കും ഇടയിലെ കണ്ണിയായി പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇസ്മായില്‍ ഹാനിയ ഇറാനിലെ ടെറ്ഹാനില് കൊല്ലപ്പെടുമ്പോള്‍ ഇദ്ദേഹവും സ്ഥലത്തെത്തിയിരുന്നു.
ഠ ലിമിറ്റഡ് ഓപ്പറേഷന്!
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയത് ‘ലിമിറ്റഡ് ഓപ്പറേഷന്’ ആണെന്നായിരുന്നു ഖലീലിന്റെ വാദം. ഏതാനും സൈനികരെ പിടികൂടിയശേഷം ഇസ്രയേലിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നല്‍ പദ്ധതിയാകെ ഇസ്രയേല്‍ ‘നശിപ്പിച്ചെ’ന്നാണ് ഇയാള്‍ പറയുന്നത്!
ഠ ഒരു തീവ്രവാദിയും സുരക്ഷിതരല്ല!
ലോകത്തെവിടെയാണെങ്കിലും ഒരു തീവ്രവാദിക്കും സുരക്ഷിതമായി കഴിയാമെന്നു കരുതേണ്ടെന്നും അടുത്തകാലത്തായി ചില നേതാക്കള്‍ സുരക്ഷാ സൗകര്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ബെഞ്ചമിന്‍ നെതന്യാഹു. ജൂതന്റെ രക്തത്തിന് വിലയില്ലെന്ന് ആരും കരുതരുത്. ഇസ്രയേലിന്റെ രൂപീകരണത്തിനുശേഷം ജൂതന്റെ രക്തത്തിനു വിലയുണ്ടെന്നു പലരും മനസിലാക്കി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്താന്‍ ഒത്തുകൂടിയ അതേ സ്ഥലത്താണ് ഇവര്‍ വീണ്ടുമെത്തിയതെന്നും നെതന്യാഹു പറഞ്ഞു. ലോത്തിന്റെ ഏതു കോണിലാണെങ്കിലും ശത്രുക്കളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു. Israeli airstrikes target top Hamas leaders in Qatar; PM: This can pave way to immediate end of war






