ആ തീരുമാനം എന്റേതല്ല; പക്ഷേ, ഹമാസ് തുടച്ചു നീക്കപ്പെടേണ്ടവര്‍; വാഷിംഗ്ടണ്‍ തെരുവിലൂടെ പതിവില്ലാത്ത നടത്തത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രകമ്പനം തുടരുന്നു. ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റേതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധി വഴി വിവരം ഖത്തറിനെ അറിയിച്ചുവെന്നും എന്നാല്‍ അപ്പോള്‍ പ്രതിരോധിക്കാനാകും വിധം വൈകിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അവകാശവാദം. ‘പുലര്‍ച്ചെയാണ് യുഎസ് സൈന്യം, ഇസ്രയേല്‍ ഖത്തറിനെ ആക്രമിച്ചേക്കുമെന്ന വിവരം സര്‍ക്കാരിന് കൈമാറിയത്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രദേശം ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു. നെതന്യാഹുവിന്റേതായിരുന്നു തീരുമാനം. എനിക്കതില്‍ പങ്കില്ല’- എന്നായിരുന്നു ട്രംപ് കുറിച്ചത്.
പരമാധികാര രാജ്യവും അമേരിക്കയുടെ സഖ്യ കക്ഷിയുമായ ഖത്തറിനെതിരെ നടന്നത് ഏകപക്ഷീയമായ ആക്രമണം ആണെന്നും ട്രംപ് വിമര്‍ശിച്ചു. അതേസമയം, ഗാസയിലെ ജീവിതം ദുസ്സഹമാക്കുന്ന ഹമാസ് ഭൂമിയില്‍ നിന്നും തുടച്ച് നീക്കപ്പെടേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിഗതികളില്‍ താന്‍ സന്തുഷ്ടനല്ലെന്നും ബന്ദികളെ എല്ലാവരെയും പൂര്‍ണമായും തിരികെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. വാഷിങ്ടണ്‍ സ്ട്രീറ്റിലൂടെ പതിവില്ലാത്ത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തിന് പിന്നാലെ താന്‍ നെതന്യാഹുവുമായി സംസാരിച്ചുവെന്നും സമാധാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ഖത്തര്‍ അമീറിനോടും പ്രധാനമന്ത്രിയോടും സംസാരിച്ചുവെന്നും യുഎസ് ഒപ്പമുണ്ടെന്നും ഇനി ഇത്തരത്തിലൊരു സംഭവം ഖത്തറിന്റെ മണ്ണില്‍ നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആക്രമണം മുന്‍കൂട്ടി അറിയിച്ചെന്ന അമേരിക്കയുടെ വാദം ഖത്തര്‍ തള്ളി. ആക്രമണം തുടങ്ങിയ ശേഷമാണ് യുഎസ് ഇക്കാര്യം അറിയിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് അമേരിക്ക ഖത്തറിനെ മുന്‍കൂട്ടി അറിയിച്ചെന്നായിരുന്നു വൈറ്റ്ഹൗസ് വക്താവ് പറഞ്ഞിരുന്നത്.
ആക്രമണത്തില്‍ ഹമാസ് ഉന്നതനേതാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസിന്റെ പ്രതികരണം. ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള ഖത്തറിലേക്കും സംഘർഷം വ്യാപിക്കുന്നത് കടുത്ത ആശങ്കയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു.






