Breaking NewsKeralaLead NewsNEWS

‘ഗ്രേഡ് SI-യുടെ ബന്ധു 9600 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത് പിടിച്ചു; ഹോട്ടല്‍ പൂട്ടിക്കുമെന്ന് പറഞ്ഞു, എസ്.ഐ പെരുമാറിയത് മാനസികരോഗിയെപ്പോലെ’

തൃശ്ശൂര്‍: പീച്ചി പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് മര്‍ദനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലുടമ കെ.പി. ഔസേപ്പാണ് 2023-ല്‍ നടന്ന സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അന്ന് പീച്ചി സ്റ്റേഷനില്‍ എസ്ഐയായിരുന്ന പി.എം. രതീഷ് അതിഭീകരമായാണ് പെരുമാറിയതെന്നും ഒരു മാനസികരോഗിയെ പോലെ അലറി നടക്കുകയായിരുന്നുവെന്നും ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

”അടിച്ച് ഭീകരമായാണ് അയാള്‍ പെരുമാറിയത്. ഒരു മാനസികരോഗിയെ പോലെ എസ്ഐ അലറിനടക്കുകയായിരുന്നു. എന്റെ നേരേയും അലറിവന്നു. അത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് ആളുകളെ വിളിക്ക്, അടിയന്തരമായി ഇവന്റെ ഹോട്ടല്‍ പൂട്ടിക്കണം, മീഡിയയെയും വിളിക്കണം എന്നെല്ലാം അയാള്‍ പറഞ്ഞു. അന്ന് ഹോട്ടലിനെതിരേ പരാതി നല്‍കിയ ആളെ ഞാന്‍ മര്‍ദിച്ചു, ഞാന്‍ ഗുണ്ടയാണ് എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ഞാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറായി ജോലിചെയ്ത ആളാണ്. ജോലിരാജിവെച്ച് ബിസിനസിലേക്ക് വന്നതാണ്.

Signature-ad

അന്ന് കമ്മീഷണറായിരുന്ന അങ്കിത് അശോകനോട് എന്റെ മകനെയും ജീവനക്കാരെയും മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് 2023 ജൂണ്‍ 19-ന് വിവരാവകാശം വഴി ചോദിച്ചിരുന്നു. താന്‍ കണ്ടിരുന്നതായി മറുപടിയും വന്നു. അസി. കമ്മിഷണറും, ജില്ലാ പോലീസ് മേധാവിയും ഈ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടിട്ടും എസ്ഐക്കെതിരേ നടപടിയുണ്ടായില്ല. അന്നത്തെ എസ്ഐ പി.എം. രതീഷ് പിന്നീട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ചെറുതുരുത്തിയിലേക്ക് മാറി. ഇപ്പോള്‍ അയാള്‍ കടവന്ത്രയില്‍ സിഐയാണ്.

ഒരു ഗ്രേഡ് എസ്ഐയുടെ സഹോദരിയുടെ മകള്‍ നേരത്തേ ഞങ്ങളുടെ സ്ഥാപനത്തില്‍ മോഷണം നടത്തിയത് പിടികൂടിയതാണ് പോലീസിന് ഇത്രയും പ്രകോപനമുണ്ടാകാന്‍ കാരണം. ഗ്രേഡ് എസ്ഐയുടെ സഹോദരിയുടെ മകള്‍ ഞങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 9600 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. അത് ഞങ്ങള്‍ കൈയോടെ പിടികൂടി. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴാണ് ഈ മോഷണം നടത്തിയത് ഗ്രേഡ് എസ്ഐയുടെ സഹോദരിയുടെ മകളാണെന്ന് അറിഞ്ഞത്. അന്ന് പീച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഷുക്കൂറാണ് ഔസേപ്പേട്ടാ അത് വിട്ടുകള, ഗ്രേഡ് എസ്ഐയുടെ പെങ്ങളുടെ മകളാണ്, പ്രശ്നമുണ്ടാക്കരുത് എന്ന് പറഞ്ഞത്. അതോടെ കേസിന് പോയില്ല.

എസ്ഐയായിരുന്ന രതീഷും നാല് പോലീസുകാരുമാണ് അന്ന് ഞങ്ങളെ മര്‍ദിച്ചത്. മഹേഷ് എന്നൊരു പോലീസുകാരനുമുണ്ട്. ഈ രതീഷ് പിന്നീട് എന്റെ സുഹൃത്തിന്റെ വീട്ടില്‍വന്ന് എന്നെ കണ്ടിരുന്നു. കാലില്‍വീണു. ക്ഷമിക്കണമെന്ന് പറഞ്ഞു.

കഴിഞ്ഞദിവസം സംഭവം വാര്‍ത്തയായതോടെ ഡിഐജി ഹരിശങ്കര്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ടു. ഫയലെല്ലാം അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണമേഖലാ ഐജിയുടെ നമ്പറും അയച്ചുനല്‍കി. ശക്തമായ നടപടിയുണ്ടാകുമെന്നും സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.” ഔസേപ്പ് വിശദീകരിച്ചു.

കഴിഞ്ഞദിവസമാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു.

2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്.

വിവരാവകാശനിയമപ്രകാരം പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യമായി കിട്ടുന്നത് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പിനാണെങ്കിലും കുന്നംകുളം സംഭവത്തിനുശേഷമാണ് ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരന്റെ മകന്‍ ജിനീഷും ചേര്‍ന്ന് ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള പട്ടിക്കാട് സെന്ററിലെ ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയുമായിരുന്നു. ഇതിന്റെ കാര്യത്തിനായി പീച്ചി സ്റ്റേഷനിലെത്തിയ ലാലീസ് മാനേജരെയും ഡ്രൈവറെയും എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചു. ഭയന്ന ഔസേപ്പ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തുകയും കേസ് പിന്‍വലിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുകയും ചെയ്തു. പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകള്‍ പലയിടത്തും നല്‍കിയെങ്കിലും ആദ്യം ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യങ്ങള്‍ കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ വിവരാവകാശക്കമ്മിഷനുതന്നെ അപ്പീല്‍ നല്‍കുകയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തു. അപ്പോഴാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്.

മര്‍ദനദൃശ്യങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. അസിസ്റ്റന്റ് കമ്മിഷണര്‍, കമ്മിഷണര്‍, ഡിഐജി, ഐജി തുടങ്ങിയവരെല്ലാം കുറ്റക്കാര്‍ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്ന് രണ്ടുവര്‍ഷത്തിലേറെയായിട്ടും മര്‍ദിച്ചവര്‍ക്കെതിരായ നടപടിക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും പരാതിക്കാര്‍.

 

Back to top button
error: