Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDING

വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍ 4 ഡബ്ല്യു.ഡി (ഡീസല്‍) 1.01 ലക്ഷം രൂപയുമാണ് കുറയുന്നത്. കൂടാതെ സ്‌കോര്‍പിയോ ക്ലാസിക് 1.01 ലക്ഷം രൂപയും സ്‌കോര്‍പിയോ എന്നിന് 1.45 ലക്ഷം രൂപയും ഥാര്‍ റോക്സിന് 1.33 ലക്ഷം രൂപയും, എക്സ്.യു.വി 700ന് 1.43 ലക്ഷം രൂപയും കുറയുമെന്നും കമ്പനി വ്യക്തമാക്കി.

ടൊയോട്ട

Signature-ad

വാഹന വിലയില്‍ 3.49 ലക്ഷം രൂപ വരെ കുറവ് വരുത്തുമെന്ന് ടൊയോട്ടയും അറിയിച്ചു. ഗ്ലാന്‍സ ഹാച്ച്ബാക്ക് 85,300 രൂപ വരെയും, ടൈസര്‍ 1.11 ലക്ഷം രൂപയും റൂമിയണ്‍ 48,700 രൂപയും ഹൈറൈഡര്‍ 65,400 രൂപയുമാണ് കുറയുന്നത്. ഇന്നോവ ക്രിസ്റ്റ 1.8 ലക്ഷം, ഹൈക്രോസ് 1.15 ലക്ഷം, ഫോര്‍ച്യൂണര്‍ 3.49 ലക്ഷം, ലെജന്‍ഡര്‍ 3.34 ലക്ഷം, ഹൈലക്സ് 2.52 ലക്ഷം, കാംറി 1.01 ലക്ഷം, വെല്‍ഫയര്‍ 2.78 ലക്ഷം രൂപ എന്നിങ്ങനെയും വില കുറയും.

ടാറ്റ മോട്ടോഴ്സ്

1.55 ലക്ഷം രൂപ വരെയാണ് ടാറ്റ മോട്ടോഴ്സ് വാഹന വിലയില്‍ കുറവ് വരുത്തുമെന്ന് അറിയിച്ചത്. ടിയാഗോക്ക് 75,000 രൂപ വരെയും ടിഗോറിന് 80,000 രൂപ വരെയും ആല്‍ട്രോസിന് 1.10 ലക്ഷം രൂപ വരെയും പഞ്ചിന് 85,000 രൂപ വരെയും കുറയും. നെക്സോണിന് 1.55 ലക്ഷം രൂപയും കര്‍വിന് 65,000 രൂപയും ഹാരിയറിന് 1.40 ലക്ഷം രൂപയും സഫാരിക്ക് 1.45 ലക്ഷം രൂപയും കുറക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജി.എസ്.ടി പരിഷ്‌ക്കാരം ഉപയോക്താക്കള്‍ക്ക് ഗുണമാണെങ്കിലും വാഹന കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും കോടികളുടെ നഷ്ടം വരുത്തുമെന്നും വാഹനലോകം പറയുന്നു. നേരത്തെ ഉയര്‍ന്ന നഷ്ടപരിഹാര സെസ് നല്‍കി വാഹനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഡീലര്‍മാരാണ് കുരുക്കിലായത്. സെപ്റ്റംബര്‍ 22 മുതല്‍ നഷ്ടപരിഹാര സെസ് അവസാനിക്കുന്നതോടെ 2,500 കോടി രൂപയുടെ നഷ്ടം ഡീലര്‍മാര്‍ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ അടച്ച നഷ്ടപരിഹാര സെസ് റീഫണ്ട് ചെയ്യണമെന്ന് ഡീലര്‍മാരുടെയും വാഹന നിര്‍മാതാക്കളുടെയും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

മാരുതിക്ക് 70,000 രൂപവരെ

തങ്ങളുടെ ചെറുകാര്‍ മോഡലുകള്‍ക്ക് 70,000 രൂപ വരെ വില താഴുമെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കാര്‍ നിര്‍മാതാക്കളും മാരുതി സുസൂക്കിയുടെ വഴിയെ വിലക്കുറവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ജിഎസ്ടി പരിഷ്‌കാരം രാജ്യത്ത് ചെറുകാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. നിലവില്‍ നെഗറ്റീവ് വളര്‍ച്ചയായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഈ സാമ്പത്തിവര്‍ഷം ചെറുകാര്‍ വില്പനയില്‍ 10 ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടാകും. മൊത്തത്തില്‍ കാര്‍ വിപണി 6-8 ശതമാനം നേട്ടമുണ്ടാക്കുമെന്നും ഭാര്‍ഗവ പ്രവചിക്കുന്നു.

ഇടത്തരം വരുമാനക്കാരുടെ വാങ്ങല്‍ശേഷി ഉയര്‍ത്താന്‍ ജിഎസ്ടിയിലെ മാറ്റത്തിലൂടെ സാധിക്കും. ഗ്രാമീണ മേഖലയില്‍ മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും ഒപ്പം ജിഎസ്ടിയിലെ കുറവും ചേരുമ്പോള്‍ കാര്‍ വില്പന കുതിക്കുമെന്നാണ് വാഹന മേഖലയുടെ വിലയിരുത്തല്‍.

പുതിയ ജിഎസ്ടി നിരക്കുകള്‍ ഈ മാസം 22 മുതല്‍ നിലവില്‍ വരും. 1200 സിസിക്കു മുകളിലുള്ള കാറുകളുടെ ജിഎസ്ടി 40 ശതമാനമാണ്. മുമ്പ് ഇത് 43 മുതല്‍ 50 ശതമാനം വരെയായിരുന്നു. ആഡംബര കാര്‍ വിപണിയിലും നികുതി കുറഞ്ഞത് ഉപയോക്താക്കള്‍ക്ക് നേട്ടമാകും.

രാജ്യത്തെ വാഹന ഷോറൂമുകളില്‍ ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റുപോകാതെ കിടപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ വരുന്നതോടെ വില്പന കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.

ഉത്തരേന്ത്യയില്‍ ഉത്സവകാലം ആരംഭിക്കുകയാണ്. ഈ വര്‍ഷം രാജ്യത്ത് കാലവര്‍ഷം അനുകൂലമായിരുന്നു. കാര്‍ഷിക മേഖലയില്‍ വിളവ് വര്‍ധിക്കുമ്പോള്‍ വാഹന വില്പനയിലും അത് സ്വാധീനിക്കുന്നതാണ് മുന്‍കാല ചരിത്രം. ജിഎസ്ടി കൂടി കുറവു വന്നതോടെ കാര്‍ വാങ്ങാന്‍ കാത്തിരുന്നവരെ ഷോറൂമിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് വാഹനലോകം. ata-motors-mahindra-new-car-prices-gst-rate-cut

 

Back to top button
error: