സംസ്ഥാന ബിജെപിയെ പൂര്‍ണമായും കൈപ്പിടിയിലാക്കി രാജീവ് ചന്ദ്രശേഖറിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ശബ്ദമുയര്‍ത്താന്‍ പോലും ആളില്ലാതെ മുരളീധരന്‍- സുരേന്ദ്രന്‍ ദ്വന്ദം; ഒതുക്കിയവരെല്ലാം മുന്‍ നിരയില്‍; പൂര്‍ണ പിന്തുണയുമായി അമിത് ഷായും മോദിയും; ലക്ഷ്യം പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്

തിരുവനന്തപുരം: നേതാക്കളുടെ തന്നിഷ്ടത്തിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലൂം വലിയ ആരോപണങ്ങള്‍ നേരിട്ട ബിജെപിയെ വെട്ടിയൊതുക്കി ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക ചട്ടക്കൂടിലേക്കു നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന ബിജെപിയെ സ്വന്തം കൈപ്പിടിയിലാക്കുന്നതിനൊപ്പം ജനസ്വീകാര്യതയുള്ളവരെയും മിതവാദികളെയും മുന്‍നിരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് രാജീവ് ഏറ്റെടുത്തിരിക്കുന്നത്. അവഗണിക്കപ്പെട്ടു കിടന്ന കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും മുരളീധര- സുരേന്ദ്രന്‍ പക്ഷത്തെ തെറിപ്പിക്കുകയും ചെയ്താണു പുതിയ സംസ്ഥാന ഭാരാവാഹി പട്ടിക പുറത്തുവിട്ടത്. വി. മുരളീധരനും കെ. സുരേന്ദ്രനും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയതുപോലെയാകില്ല തന്റെ പ്രവര്‍ത്തനമെന്നും രാജീവ് വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ.
പ്രഖ്യാപിച്ച നാല് ജനറല്‍ സെക്രട്ടറിമാരില്‍ ആരും വി മുരളീധരന്‍ പക്ഷക്കാരില്ല. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജന. സെക്രട്ടറിമാര്‍. എം.ടി. രമേശും, ശോഭാ സുരേന്ദ്രനും കടുത്ത സുരേന്ദ്രന്‍ വിരുദ്ധരാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുമുണ്ട്. ഷോണ്‍ ജോര്‍ജ്, അഡ്വ വി. ഗോപാലകൃഷ്ണന്‍, കെ.കെ. അനീഷ് കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി എന്നിവരെ സംസ്ഥാന ഭാരവാഹിയാക്കിയതിലൂടെ പാര്‍ട്ടിയിലെ ക്രൈസ്തവ മുഖമായി ഇവര്‍ മാറും.
രാജീവ് ചന്ദ്രശേഖറിന്റെ വരവില്‍ ഏറ്റവും ഭയന്നിരുന്നത് മുരളീധരനും സുരേന്ദ്രനുമായിരുന്നു. തൃശൂരില്‍ കഴിഞ്ഞ മാസത്തില്‍ നടന്ന യോഗത്തിലും ഇരുവരെയും ഒഴിവാക്കി. കടുത്ത പ്രതിഷേധമറിയിച്ച നേതാക്കള്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചെങ്കിലും മോദിയും അമിത് ഷായും രാജീവിനു പിന്തുണ നല്‍കി. രാഷ്ട്രീയം പറയുന്നില്ലെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയം സംസ്ഥാനത്ത് ഗുണം ചെയ്യില്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങളില്‍ കെ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടിയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് സംസ്ഥാന അധ്യക്ഷന്‍ ചെവികൊടുക്കുന്നതെന്നും, ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമായിരുന്നു ഇരു നേതാക്കളുടേയും ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ മറുപടി പറയാന്‍ രാജീവ് ചന്ദ്രശേഖര്‍ തയാറായില്ല.
കേരളത്തിലെ ബിജെപിയെ പ്രതിരോധത്തിലാക്കിയ നിരവധി ആരോപണങ്ങള്‍ മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. കൊടകര കുഴല്‍പ്പണക്കേസും, കാസര്‍ഗോട്ടെ സുന്ദരകേസും വയനാട്ടിലെ സി.കെ. ജാനുവിന് സ്ഥാനാര്‍ഥിയാകാന്‍ കോഴകൊടുത്തെന്ന കേസും ബിജെപിയെ പ്രതിരോധത്തിലാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമായി ഉയര്‍ന്ന ആരോപണങ്ങള്‍, ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടതും ബിജെപിയിലെ വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ ടീമുമായുണ്ടായ അഭിപ്രായഭിന്നതയുമെല്ലാം കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണു കണ്ടത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയശേഷം സുരേന്ദ്രനെതിരേ രൂക്ഷമായ ആക്രമണമാണ് ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉയര്‍ത്തുന്നത്.
കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമായാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയേല്‍പ്പിച്ചത്. ബിജെപി ദേശീയ നേതൃത്വം ഏറെക്കാലമായി കേരളത്തിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ചിലനേതാക്കളുടെ മേല്‍ക്കോയ്മയും ഇല്ലാതാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സംസ്ഥാന ഭാരവാഹിപട്ടികയില്‍ വി. മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിയതെന്നാണു പറയുന്നത്. കെ. സുരേന്ദ്രനുമായി അകല്‍ച്ചയിലായിരുന്ന എം.ടി. രമേഷും, ശോഭാ സുരേന്ദ്രനും മുഖ്യ പദവിലേക്ക് എത്തുന്നതും മാറ്റത്തിന്റെ സൂചനയാണ്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള ശക്തമായ നീക്കത്തിലാണ് സംസ്ഥാന അധ്യക്ഷന്‍. ലക്ഷ്യം കൈവരിക്കണമെങ്കില്‍ വിശ്വസ്തരെ അണിനിരത്തണം. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. ഇപ്പോള്‍ പാലക്കാട്, പന്തളം നഗരസഭാഭരണം ബിജെപിക്കാണ്. ഇത് നിലനില്‍ക്കുകയും ഒപ്പം കൂടുതല്‍ നഗരസഭകളുടെ ഭരണം പിടിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നില്‍ ക്രിസ്ത്യന്‍ സഭകളിലേക്കുള്ള പാലമിടുകയെന്ന ലക്ഷ്യമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ രംഗത്തു പ്രഫഷണലായവരും തീവ്രനിലപാടുകള്‍ പ്രകടിപ്പിക്കാത്തവരും എത്തിയപ്പോഴൊക്കെ ക്രിസ്ത്യന്‍ വിഭാഗക്കാരുള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിലും സഭയുടെ നിര്‍ണായക സ്വാധീനമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 15 ശതമാനത്തിലധികം വോട്ടില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരെ കൂടെനിര്‍ത്തുന്നതു കൂടുതല്‍ ഗുണകരമാകുമെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതിനു മുമ്പു നടത്തിയ പല പരീക്ഷണങ്ങളും പാളിയിരുന്നു. സ്വതവേ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെ ബിജെപിയുടെ മുന്നണിയില്‍നിന്നു മാറ്റി നിര്‍ത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയുമാണു പാര്‍ട്ടിയുടെ തന്ത്രം. തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബിനെയാണു ജില്ല ടൗണ്‍ പ്രസിഡന്റാക്കി നിയമിച്ചതും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയസാധ്യതയുണ്ടായിട്ടും പരാജയപ്പെട്ട ഇന്ത്യയിലെ 144 മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതില്‍ കേരളത്തിലെ പരാജയത്തിനു കാരണം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവാണെന്നും കണ്ടെത്തിയിരുന്നു. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് കേന്ദ്ര സംഘം എത്തിയത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ബിജെപിയോടുള്ള അയിത്തം ഇല്ലാതായിട്ടും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
ഠ ക്രൈസ്തവരിലേക്ക് പാലം
ഈ സാഹചര്യത്തിലാണു ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പൊതുവേ സ്വീകാര്യനായ നേതാവെന്ന നിലയില്‍ രാജീവ് ചന്ദ്രശേഖറെ ചുമതലപ്പെടുത്തിയത്. മുനമ്പം വിഷയമടക്കം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കിയതില്‍ രാജീവിനു നിര്‍ണായക പങ്കുണ്ട്. സഭാ അധ്യക്ഷന്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള ഷോണ്‍ ജോര്‍ജിനെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. ഇതു വിജയം നേടുകയും ചെയ്തു. അടുത്തിടെ പി.സി. ജോര്‍ജ് നടത്തിയ ‘ലൗ ജിഹാദ്’ വിഷയത്തിലും ക്രൈസ്തവ സഭ ജോര്‍ജിനൊപ്പം ഉറച്ചുനിന്നു. പി.സി. ജോര്‍ജിനെ ബിജെപി ദേശീയ നേതൃത്വം ദേശീയ കൗണ്‍സിലിലേക്കു നോമിനേറ്റ് ചെയ്യുകയും ചെയ്തു. ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ കൂടുതലായി ബിജെപി നേതൃത്വത്തിലേക്കു വരുമെന്നാണു കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായി സംസ്ഥാനകമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനു മുമ്പായി ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ-സോഷ്യല്‍ മീഡിയ പ്രഭാരിയായി യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെയും നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയാളാണ് അനൂപ്. 2011ല്‍ എല്‍.കെ. അദ്വാനി നടത്തിയ ‘ജന്‍ ചേതന്‍ യാത്ര’യില്‍ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്തത് അനൂപിനെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കി. നയ രേഖകളുടെ കരട് തയാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ ബിജെവൈഎമ്മിന്റെ പൂനം മഹാജന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് ആന്റണിയെയായിരുന്നു.
ഠ പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്
ദേശീയതലത്തില്‍ നരേന്ദ്രമോദിയും സംഘവും പിന്തുടരുന്ന ‘പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്’ ആണ് രാജീവും കൊണ്ടുവരുന്നത്. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ഐടി രംഗത്തും ടെക്‌നോളജി മേഖലയിലും വലിയ ഇടപെടലുകള്‍ രാജീവ് നടത്തിയിട്ടുണ്ട്. ഡീപ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലും രാജീവിനു മറ്റേതൊരു ബിജെപി നേതാവിനെക്കാളും ധാരണയുണ്ട്. ബിസിനസുകാരനായതിനാല്‍ കേരളത്തിലെ സംരംഭകര്‍ക്കും രാജീവില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം പോരെന്നു തിരിച്ചറിഞ്ഞയാളാണു രാജീവ്. കൃത്യായ സാമുദായിക സമവാക്യമുള്ള കേരളത്തില്‍ ക്രിസ്ത്യന്‍- മുസ്ലിം സന്തുലിതാവസ്ഥയാണ് കോണ്‍ഗ്രസിനെയും എല്‍ഡിഎഫിനെയും അധികാരത്തില്‍ എത്തിക്കുന്നത്. ഈ ലക്ഷ്യം തന്നെയാണ് രാജീവിനും ഉള്ളതെന്നു മുനമ്പം വിഷയം മുതല്‍ വ്യക്തമാണ്.






