വിദഗ്ധ ചികിത്സ; മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പത്തു ദിവസത്തെ സന്ദര്‍ശനം; മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സ; ഓണ്‍ലൈനായി യോഗങ്ങളില്‍ പങ്കെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നു. പത്തുദിവസമാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. നാളെ പുലര്‍ച്ചയ്ക്ക് തിരുവനന്തപുരത്തു നിന്ന് ദുബായ് വഴിയാണ് യാത്രചെയ്യുക. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി നേരത്തെ ചികിത്സ തേടിയിരുന്നത്. ഇത്തവണയും പരിശോധനക്കും തുടര്‍ ചികിത്സക്കുമായാണ് യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നത്.
സാധാരണ വിദേശ സന്ദര്‍ശന സമയത്ത് മറ്റാര്‍ക്കും ചുമതല കൈമാറുന്ന പതിവില്ല. ഒാണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതും ഒാഫീസിലെ അടിയന്തരകാര്യങ്ങള്‍ നോക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ രീതി. മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനും സഹായത്തിന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാളും സാധാരണ ഒപ്പം യാത്രചെയ്യാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അമേരിക്കയില്‍പോകാന്‍ ആലോചിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍കാരണം മാറ്റിവെക്കുകയായിരുന്നു.

പരിശോധനകളും മറ്റും ഇനിയും നീട്ടിവെക്കാനാവില്ലെന്നതിനാലാണ് ഇപ്പോള്‍ യാത്ര തീരുമാനിച്ചത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും അലയടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഇതിന് മുന്‍പ് 2023 ലാണ് മുഖ്യമന്ത്രി അമേരിക്കയില്‍പോയത്.