
മുംബൈ: ഓഹരി വിപണിയില്‍ തിരിമറി നടത്തി വമ്പന്‍ ലാഭമുണ്ടാക്കിയ യുഎസ് ട്രേഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റിനെയും മൂന്ന് അനുബന്ധ കമ്പനികളെയും ഓഹരി വിപണിയില്‍ നിന്നും വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2023 മുതല്‍ 2025 വരെ കമ്പനി ഡെറിവേറ്റീവ് ട്രേഡിങില്‍ നടത്തിയ തിരിമറികളാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് ലിമിറ്റഡ് എന്നി കമ്പനികളെയാണ് സെബി വിലക്കിയത്.
2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ ഇന്‍ഡക്‌സ് ഓപ്ഷന്‍ ട്രേഡിങിലൂടെ കമ്പനിയുണ്ടാക്കിയ ലാഭം 36,671 കോടി രൂപയാണ്. ഇതില്‍ കമ്പനി അനധികൃതമായി ഉണ്ടാക്കിയ 4843.5 കോടി രൂപ എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.

ഇന്‍ഡക്‌സ് സൂചികകളിലാണ് ജെയിന്‍ സ്ട്രീറ്റ് തട്ടിപ്പ് നടത്തിയതെന്ന് സെബി ഇടക്കാല ഉത്തരവില്‍ പറയുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്‍ഡക്‌സ് ഓപ്ഷന്‍ എക്‌സ്പയറി ദിവസങ്ങളിലാണ് തട്ടിപ്പ്. 2023-2025 നും ഇടയില്‍ 21 എക്‌സ്പയറി ദിവസങ്ങളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി.
എക്‌സ്പയറി ദിവസം രാവിലെ ബാങ്ക് നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഓഹരികളും ഫ്യൂച്ചറുംകളും വലിയ അളവില്‍ വാങ്ങി സൂചിക ഉയര്‍ത്തുകയും ഒപ്പം ബാങ്ക് നിഫ്റ്റി ഓപ്ഷനുകള്‍ വില്‍ക്കുകയും ചെയ്യും. വാങ്ങിയ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറുകളും ഓഹരിയും വിറ്റഴിച്ച് സൂചികയെ താഴേക്ക് കൊണ്ടുവരികയാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്ട്രാറ്റജി. സൂചിക താഴേക്ക് പോകുന്നതോടെ ബാങ്ക് നിഫ്റ്റിയിലെ ഓപ്ഷനുകളിലെ ഷോര്‍ട്ട് പൊസിഷനുകളില്‍ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു എന്നാണ് കണ്ടെത്തല്‍.
ക്യാഷ് മാര്‍ക്കറ്റിലും ഫ്യൂച്ചര്‍ ട്രേഡിലും ജെയിന്‍ സ്ട്രീറ്റ് നേരിട്ട ചെറിയ നഷ്ടങ്ങളെ ഇന്‍ഡക്‌സ് ഓപ്ഷനിലെ ലാഭത്തിലൂടെ മറികടക്കാന്‍ കമ്പനിക്കായി. 2023-2025 കാലത്ത് 44,358 കോടി രൂപയാണ് ഇന്‍ഡക്‌സ് ഓപ്ഷനിലൂടെ ജെയിന്‍ സ്ട്രീറ്റ് ഉണ്ടാക്കിയ ലാഭം. 7,208 കോടി രൂപ സ്റ്റോക്ക് ഫ്യൂച്ചറിലും 191 കോടി രൂപ ഇന്‍ഡസ്‌ക് ഫ്യൂച്ചറിലും കമ്പനിക്ക് നഷ്ടമുണ്ടായി. 288 കോടി രൂപയാണ് ക്യാഷ് മാര്‍ക്കറ്റിലെ നഷ്ടം. ഈ നഷ്ടങ്ങള്‍ കിഴിച്ചാല്‍ 36,671 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു.
2000-ല്‍ സ്ഥാപിതമായ ന്യൂയോര്‍ക്ക് ആസ്ഥാനമായ ആഗോള ട്രേഡിങ് സ്ഥാപനമാണ് ജെയ്ന്‍ സ്ട്രീറ്റ്. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 3,000-ത്തിലധികം ജീവനക്കാരും ഓഫീസുകളും കമ്പനിക്കുണ്ട്. 45 രാജ്യങ്ങളിലാണ് ജെയിന്‍ സ്ട്രീറ്റ് ട്രേഡിങില്‍ ഏര്‍പ്പെടുന്നത്.