തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12 വര്‍ഷത്തിനിടെ 25 അപകടങ്ങള്‍; തലയ്ക്കു മുകളില്‍ പറക്കുന്നത് അറിഞ്ഞത് 7700 എമര്‍ജന്‍സി കോഡ് പ്രക്ഷേപണം ചെയ്തപ്പോള്‍; ഇന്ത്യ മാത്രമല്ല ലോകത്ത് എമ്പാടുമുള്ളവര്‍ വിമാനം ട്രാക്ക് ചെയ്തു
അമേരിക്കയിലെ ന്യൂമെക്സിക്കോയിലെ ആല്‍ബക്കര്‍ക്കി വിമാനത്താവളത്തില്‍ എഫ്35ബി വീണതാണ് പൈലറ്റിന് ഗുരുതരമായി പരുക്കേറ്റ ഏക അപകടം. 2020ല്‍ രണ്ട് അപകടങ്ങളിലും 2023ല്‍ ഒരു അപകടത്തിലുമായി മൂന്നു അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് നിസാര പരിക്കേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ എഫ് 35ബി വിമാനം അത്യാധുനികമെങ്കിലും പണിമുടക്കില്‍ മുമ്പന്‍. 930 കോടിയോളം വിലവരുന്ന വിമാനത്തിനു കേടുപാടു പറ്റുക കുറവാണെന്നതാണ് വമ്പന്‍ ട്രോളുകള്‍ ഇറങ്ങാന്‍ കാരണമെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍.
ലോക്ഹീദ് മാര്‍ട്ടിന്‍ കോര്‍പറേഷനാണു വിമാനത്തിന്റെ പ്രാഥമിക നിര്‍മാതാക്കള്‍. എന്നാല്‍, ഇതടക്കം നിരവധി കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്. നോര്‍ത്രോപ്പ് ഗ്രമ്മന്‍, ബിഎഇ സിസ്റ്റംസ്, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി, റോള്‍സ് റോയ്‌സ് എന്നിവയ്ക്കു പുറമേ, യുകെ, ഇറ്റലി, നെതര്‍ലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നും ചില പ്രത്യേക ഭാഗങ്ങള്‍ നല്‍കുന്നുണ്ട്.

ഒരിക്കലും കേടാകാന്‍ സാധ്യതയില്ലാത്ത വിമാനം ഏതോ ഗൂഢലക്ഷ്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതെന്നും ഷെഡിലേക്കു മാറ്റാന്‍ പോലും അനുവദിക്കാത്തതിനു പിന്നില്‍ മറ്റെന്തൊക്കയോ കാരണങ്ങളുണ്ടെന്നാണു സോഷ്യല്‍ മീഡിയയിലെ സിദ്ധാന്തങ്ങള്‍. എന്നാല്‍, സ്ഥിതി വിവരക്കണക്കുകള്‍ നോക്കുമ്പോള്‍ അതത്ര ശരിയല്ല.
2006ല്‍ പറക്കല്‍ തുടങ്ങിയ എഫ് 35 ലൈറ്റ്‌നിംഗ്-2 വിമാനങ്ങള്‍ ആദ്യ ഏഴുവര്‍ഷം തരക്കേടില്ലാതെ പറന്നു. 2013 മുതല്‍ 2025 വരെ 25 തവണയാണ് അപകടങ്ങളില്‍പെട്ടത്. ഇതില്‍ 20 അപകടങ്ങളും അമേരിക്കന്‍ സേനയുടെ കൈയിലിരിക്കുമ്പോഴാണ്. 2021ലുണ്ടായ അപകടമടക്കം തിരുവനന്തപുരത്തെ ലാന്‍ഡിംഗിലൂടെ രണ്ടുവട്ടം ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ വിമാനങ്ങളും അപകടത്തില്‍പെട്ടു.
ജപ്പാന്‍ സൈന്യത്തിന്റെ പക്കലുള്ള വിമാനം 2018, 2024 എന്നീ വര്‍ഷങ്ങളില്‍ അപകടമുണ്ടാക്കി. കൊറിയയ്ക്കു നല്‍കിയ വിമാനഗ 2022ല്‍ അപകടത്തില്‍പെട്ടു. ഇതില്‍തന്നെ എഫ് 35 എ ഇനത്തില്‍പെട്ട വിമാനം 15 വട്ടം അപകടമുണ്ടാക്കി. തിരുവനന്തപുരത്ത് ഇറക്കിയ എഫ35ബി എട്ട് അപകടവുമായി തൊട്ടുപിന്നാലെയുണ്ട്. എഫ് 35 സി വിമാനം രണ്ടു തവണ പണിമുടക്കി. അപകടങ്ങളില്‍ ഒരാളും ഇതേവരെ മരിച്ചിട്ടില്ല. പൈലറ്റുമാര്‍ ഇജക്ട് ചെയ്തു പാരഷൂട്ടില്‍ രക്ഷപ്പെട്ടു.
അമേരിക്കയിലെ ന്യൂമെക്സിക്കോയിലെ ആല്‍ബക്കര്‍ക്കി വിമാനത്താവളത്തില്‍ എഫ്35ബി വീണതാണ് പൈലറ്റിന് ഗുരുതരമായി പരുക്കേറ്റ ഏക അപകടം. 2020ല്‍ രണ്ട് അപകടങ്ങളിലും 2023ല്‍ ഒരു അപകടത്തിലുമായി മൂന്നു അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് നിസാര പരിക്കേറ്റു.
2022 ജനുവരി 24ന് അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സണില്‍ ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഫ്ളൈറ്റ് ഡക്കിന്റ് പിന്നറ്റത്ത് ഇടിച്ച് കടലില്‍ വീണതായിരുന്നു എഫ്35 വിമാനാപകടങ്ങളില്‍ ഏറ്റവും വലുത്. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും കപ്പലിലുണ്ടായിരുന്ന ഏഴ് നാവികര്‍ക്ക് പരുക്കേറ്റു. വിമാന ഭാഗങ്ങള്‍ പിന്നീട് തെക്കന്‍ ചൈനാക്കടലില്‍ 12,400 അടി ആഴത്തില്‍ നിന്നാണ് മുങ്ങിത്തപ്പിയെടുത്തത്.
ഠ ഇന്ത്യന്‍ വ്യോമസേന ട്രാക്ക് ചെയ്‌തോ?
കേട് അഭിനയിച്ച് ഇറങ്ങിയതല്ല, ഇന്ത്യയുടെ ആകാശത്തു ചുറ്റിത്തിരിയുമ്പോള്‍ അതിസമര്‍ഥരായ നമ്മുടെ വ്യോമമസന ട്രാക്ക് ചെയ്ത് പിടികൂടി ഇറക്കിയെന്നാണു മറ്റൊരു സിദ്ധാന്തം. എഫ് 35 വിമാനങ്ങള്‍ ആര്‍ക്കും ട്രാക്ക് ചെയ്യാന്‍ കഴിയില്ല എന്നതാണു വസ്തുത. ജൂണ്‍ 14നുണ്ടായ സംഭവം അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണ വന്നത്. പതിവുപോലെ ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്താണു വിമാനം പറന്നത്. അതായത്, ഇങ്ങനെയൊരു സംഗതി പാറിപ്പറക്കുന്നുണ്ടെന്ന് ആരും അറിഞ്ഞില്ല. തകരാര്‍മൂലം അടിയന്തരാമായി നിലത്തിറങ്ങാന്‍ സഹായം വേണ്ടതിനാല്‍ 7700 എന്ന എമര്‍ജന്‍സി കോഡ് പ്രക്ഷേപണം ചെയ്യേണ്ടിവന്നു. എയര്‍ക്രാഫ്റ്റുകളുടെ ട്രാന്‍സ്‌പോണ്ടറിലാണു സെറ്റ് ചെയ്തിട്ടുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇങ്ങനെയൊരു സന്ദേശം ലഭിച്ചാല്‍ ആശയവിനിമയത്തില്‍ മുന്‍ഗണന നല്‍കണമെന്നും ആവശ്യത്തിനു സഹായം നല്‍കണമെന്നുമാണ് അര്‍ഥം. അതിനാല്‍ ട്രാന്‍സ്പോണ്ടര്‍ ഓണ്‍ ചെയ്തു. സ്‌ക്വാക്ക് കോഡ് 7700 എന്നു സെറ്റു ചെയ്തു. തിരുവനന്തപുരം വിമാനത്താവള എടിസിക്കും വ്യോമസേനയ്ക്കും മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ ഫ്ളൈറ്റ് ട്രാക്കിംഗ് സൈറ്റുകള്‍ക്കും വിമാനം ദൃശ്യമായി.
അടിയന്തരസാഹചര്യം വിമാനത്താവളത്തെ അറിയിച്ചുകഴിഞ്ഞ് ഏഴു സെക്കന്‍ഡിനുള്ളില്‍ ട്രാന്‍്സ്പോണ്ടര്‍ ഓഫ് ചെയ്യുകയും ചെയ്തു. എല്ലാവരുടേയും സഹായ സഹകരണത്തോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി. തലേ ദിവസങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുമായി സംയുക്താഭ്യാസം നടത്തിയ ബ്രിട്ടീഷ് സേനാവിമാനങ്ങളില്‍ ഒരെണ്ണമായിരുന്നു ഈ എഫ്35ബി എന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ സിദ്ധാന്തം ആരും ചമയ്ക്കുമായിരുന്നില്ല.
ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, യുഎസ്, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി-ലിഫ്റ്റ് കാർഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്–35 ന്‍റെ വലുപ്പമാണ് പ്രതിസന്ധി.
14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്‍റെ ചിറക് ഊരിമാറ്റാതെ എഫ്-35നെ കൊണ്ടുപോകുക സാധ്യമല്ലെന്ന് ചുരുക്കം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇതിനുള്ള ജോലികള്‍ ആരംഭിക്കും. യുകെയില്‍ നിന്നെത്തുന്ന സാങ്കേതിക വിദഗ്ധർ ചിറകുകൾ വേർപെടുത്തുകയും സി-17 ന്‍റെ കാർഗോ ഹോൾഡിലേക്ക് നീക്കാന്‍ സാധിക്കുന്ന കോംപാക്റ്റ് യൂണിറ്റാക്കി മാറ്റുകയും ചെയ്യുമെന്നാണ് വിവരം.
അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന്‍റെ ചിറകുകൾ വേർപെടുത്തുക അതിസങ്കീര്‍ണമായ നടപടിയാണ്. നിര്‍മാതാക്കളായ ലോക്ഹെഡ് മാര്‍ട്ടിന്‍റെ സാങ്കേതിക വിദഗ്ധര്‍ക്ക് മാത്രമെ ചിറകുകള്‍ വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഡാറ്റ ചോര്‍ച്ചയില്ലാതിരിക്കാന്‍ ഓരോ സ്ക്രൂവും സുരക്ഷാ കോഡ് ചെയ്തനിലയിലാണ്.
സ്റ്റെൽത്ത് സാങ്കേതികവിദ്യ ചോരുന്നത് യുദ്ധ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും നയതന്ത്ര, സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും പോന്നകാര്യമാണ്. അതിനാല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും വിമാനത്തിന്‍റെ ചിറകുകള്‍ വേര്‍പ്പെടുത്തുക.
ഇതാദ്യമായല്ല എഫ്-35 വിമാനങ്ങളുടെ ചിറകുകള്‍ വേര്‍പ്പെടുത്തി മാറ്റുന്നത്. 2019 മേയില്‍ യുഎസ് എയര്‍ഫോഴ്സിന്‍റെ എഫ്-35എ വിമാനം എഗ്ലിന്‍ എയര്‍ ഫോഴ്സ് ബേസില്‍ നിന്നും സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്സ് ബേസിലേക്ക് മാറ്റിയിരുന്നു. 2022 ല്‍ ദക്ഷിണകൊറിയയിലും എഫ്-35 വിമാനങ്ങളെ ട്രാന്‍സ്പോര്‍ട്ട് ചെയ്തിരുന്നു.