
കൊച്ചി: പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ എം സലീം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് പത്തിനാണ് ജനനം. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍ പി സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യുപി സ്‌കൂള്‍, മൂലമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1969ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധം. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സിആര്‍സി, സിപിഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദളിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍, ദളിത് ഐക്യ സമിതിയുടെ സംസ്ഥാന കണ്‍വീനര്‍, കേരള ദളിത് മഹാസഭയുടെ സംസ്ഥാന സെക്രട്ടറി എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു കെ എം സലീം കുമാര്‍.