
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കയാത്ര ഇനിയും വൈകുമെന്ന് വിവരം. അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്നായിരുന്നു അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സാങ്കേതിക തകരാര്‍ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥര്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല. പുതിയ പൈലറ്റായ ഫ്രെഡിയെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏല്‍പ്പിച്ച് ആദ്യ പൈലറ്റായ മൈക്കുമായി ഹെലികോപ്ടര്‍ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സിലേയ്ക്ക് മടങ്ങി. ആദ്യഘട്ടത്തില്‍ മൈക്ക് വിമാനത്തിന് സമീപത്തുനിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. അവിടെതന്നെ കസേരയിട്ടിരുന്ന അദ്ദേഹത്തിന് പിന്നീട് വ്യോമസേന അധികൃതര്‍ താമസ സൗകര്യം ഒരുക്കി നല്‍കിയിരുന്നു.

ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതര്‍ അറിയിച്ചിരുന്നു. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു.