തമിഴ്നാട്ടില്‍ വക്കീല്‍, പണി കേരളത്തില്‍ മോഷണം; കലക്ടറെയും ഫോണില്‍ വിളിച്ചു വിരട്ടി

ഇടുക്കി: തമിഴ്നാട്ടില്‍ ‘വക്കീല്‍’, കേരളത്തില്‍ കള്ളന്‍. ഭാര്യ തമിഴ്നാട്ടില്‍ അഭിഭാഷക. അഭിഭാഷകനാണെന്നു പറഞ്ഞു കലക്ടറെവരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തും. ഒടുവില്‍ കേരള പൊലീസിന്റെ പിടിയിലായപ്പോള്‍ കള്ളന്‍ തുറന്നു പറഞ്ഞു ‘മോഷണശീലം നിര്‍ത്താന്‍ കഴിയുന്നില്ല’. ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണനാണ് (ശരവണ പാണ്ഡ്യന്‍ 39) കഴിഞ്ഞ ദിവസം പെരുവന്താനം പൊലീസിന്റെ പിടിയിലായത്. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
35 ാം മൈല്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനിടെയാണു സമാനമായ മോഷണങ്ങള്‍ വീണ്ടും ഉണ്ടായത്. ഇതോടെ പൊലീസ് എല്ലാ മോഷണങ്ങളുടെയും രീതികള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചതോടെ പ്രതിയിലേക്കെത്താന്‍ എളുപ്പമായി. മുന്‍പു മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുള്ള രാമകൃഷ്ണന്‍ തന്നെ മോഷ്ടാവെന്ന് ഉറപ്പിച്ചതോടെ തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൈലിമുണ്ട് ധരിച്ച് സാധാരണ വേഷത്തിലാണ് ഇയാള്‍ മോഷണത്തിന് എത്തുന്നത്. ഫോണ്‍ ഉപയോഗിക്കാറില്ല. എല്ലാ മോഷണങ്ങളിലും കയ്യുറകള്‍ ധരിക്കും എന്നതിനാല്‍ വിരലടയാളങ്ങള്‍ അവശേഷിപ്പിക്കില്ല. കാണിക്കവഞ്ചി മോഷ്ടിക്കാന്‍ എളുപ്പമായതിനാലാണ് സ്ഥിരമായി ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ടത്.

പല കേസുകളും വക്കീലിനെ വയ്ക്കാതെ കോടതിയില്‍ വാദിച്ച രാമകൃഷ്ണന്‍ എല്‍എല്‍ബി പഠിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. 2000ല്‍ പിതാവിനോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിച്ചിട്ടുള്ള ഇയാള്‍ പിന്നീട് 2009ലാണു ജില്ലയില്‍ മോഷണങ്ങള്‍ക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലായി കടകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായി 14 മോഷണങ്ങള്‍ നടത്തി. ഇതില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി. 2019ല്‍ പൊന്‍കുന്നത്ത് ക്ഷേത്ര മോഷണക്കേസില്‍ വീണ്ടും ശിക്ഷ ലഭിച്ചു. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഉത്തമപാളയത്ത് ഇപ്പോഴും അഭിഭാഷകന്‍ എന്ന നിലയിലാണു മറ്റുള്ളവരുടെ മുന്‍പില്‍ എത്തുന്നത്. കേരളത്തില്‍ മോഷണങ്ങള്‍ നടത്തിയതും ജയില്‍ശിക്ഷ അനുഭവിച്ചതുമൊന്നും ബന്ധുക്കള്‍ക്കു പോലും അറിയില്ല. പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്‌ഐ എം.ആര്‍.സതീഷ്, എഎസ്‌ഐ സുബൈര്‍, സിപിഒമാരായ സുനീഷ് എസ്.നായര്‍, തോമസ് എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.