
തിരുവനന്തപുരം: വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മ, സുഹൃത്തിനെ സഹായിക്കാനും വിവാഹം നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു. രേഷ്മ മുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ വീട്ടുകാര്‍ കല്യാണത്തിനു നിര്‍ബന്ധിച്ചു. രേഷ്മയോട് വിവരം പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് രേഷ്മയെ വിവാഹം കഴിക്കുകയും ചെയ്തു. 3 ദിവസം കഴിഞ്ഞപ്പോള്‍ രേഷ്മ ഇവിടെനിന്ന് മുങ്ങിയെന്നും പൊലീസ് പറഞ്ഞു.
എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് വിവാഹത്തിന് തൊട്ടുമുന്‍പ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകള്‍ ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉടന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കും.
2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ല്‍ വിവാഹം ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്.
ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവര്‍ക്ക് ഇതിനിടയില്‍ ഒരു കുഞ്ഞും ജനിച്ചു. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പര്‍ ലഭിച്ചത്. ബിഹാറില്‍ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്.






