
ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകര്‍ച്ചയും അവാമി പാര്‍ട്ടി നിരോധനത്തിനും പിന്നാലെ അര്‍ധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്. ലുങ്കിയുടുത്ത് വീല്‍ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്‌ലാന്‍ഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവര്‍ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയിലുള്ള നാടുവിടല്‍. പാര്‍ട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് പോലുള്ള നടപടികള്‍ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 34, 102 പ്രകാരം കോടതിയില്‍ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തില്‍ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാന്‍ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ശൈഖ് ഹസീനയുടെ ഭരണകൂടത്തകര്‍ച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കള്‍ ജയിലിലടക്കപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന ഇന്ത്യയിലഭയം തേടിയിരുന്നു. നോബേല്‍ ജേതാവായ മുഹമ്മദ് യൂനുസാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.