‘മാതൃകാ ദമ്പതികളെന്ന് കരുതി, ശ്രീനാഥിന്റെ വീട്ടില്‍ പോയപ്പോഴാണ് മനസിലായത്; പിരിഞ്ഞത് ഉചിത തീരുമാനം’

സീരിയല്‍, സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടന്‍ ശ്രീനാഥ്. 2010 ലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തുന്നത്. കൊലപാതകമാണിതെന്ന് അക്കാലത്ത് ആരോപണം വന്നു. പിന്നീട് ഈ വാദങ്ങള്‍ കെട്ടടങ്ങി. നടി ശാന്തികൃഷ്ണയായിരുന്നു ശ്രീനാഥിന്റെ മുന്‍ഭാര്യ. ഇത് ഞങ്ങളുടെ കഥ എന്ന സിനിമയ്ക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാകുകയായിരുന്നു. 1984 ലായിരുന്നു വിവാഹം. എന്നാല്‍ 1994 ല്‍ ഇവര്‍ പിരിഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ശ്രീനാഥും ശാന്തികൃഷ്ണയും പിരിഞ്ഞത് നന്നായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
രണ്ട് പേരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം ആര്‍ഭാടപൂര്‍വം നടന്നത്. സാധാരണ സിനിമാ നടിമാരുടെ വിവാഹം നടക്കുമ്പോള്‍ അവരെക്കുറിച്ചുള്ള പിന്നാമ്പുറ കഥകളും ഒപ്പം പ്രചരിക്കും. എന്നാല്‍ മലയാള സിനിമയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ച് നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന മാതൃകാ ദമ്പതികളാണെന്ന് ഞാനുള്‍പ്പെടെ എല്ലാവരും കരുതി. ഇതിനിടയ്ക്ക് ശ്രീനാഥിനെ ഞാന്‍ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. സ്വഭാവത്തില്‍ പക്വതയാര്‍ജിച്ച് ഇരുത്തം വന്നത് പോലെയായിരുന്നു പെരുമാറ്റം. എന്നാല്‍ അതൊക്കെ അഭിനയമായിരുന്നെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.

ഞാനൊരിക്കല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ റൂമെടുക്കാന്‍ റിസപ്ഷനില്‍ നില്‍ക്കുകയായിരുന്നു. അവിടത്തെ ബാറില്‍ നിന്ന് ശ്രീനാഥ് ഇറങ്ങി വന്നു. നീ എന്തിനാണ് ഹോട്ടലില്‍ റൂമെടുക്കുന്നത് എന്റെ കൂടെ വീട്ടില്‍ താമസിക്കാമല്ലോ എന്ന് പറഞ്ഞു. ഞാനതിന് വഴങ്ങിയില്ല. ശാന്തി മദ്രാസില്‍ പോയിരിക്കുകയാണ്. ഞാനൊറ്റയ്‌ക്കേ വീട്ടിലുള്ളൂ നമുക്ക് മിണ്ടിയും പറഞ്ഞുമിരിക്കാം എന്ന് പറഞ്ഞ് എന്റെ പെട്ടിയുമെടുത്ത് ശ്രീനാഥ് നടന്നു. താനും പിന്നാലെ ചെന്ന് കാറില്‍ കയറി.
അയാളുടെ വീട്ടിലെത്തി. വളരെ നല്ല രീതിയില്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഭവനം. എനിക്കൊരു റൂം തന്നു. ഞാന്‍ കുളിച്ച് ഫ്രഷ് ആയി വരാന്‍ അല്‍പ്പം സമയമെടുത്തു. അപ്പോഴേക്കും ശ്രീനാഥിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നിരുന്നെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. നല്ലത് പോലെ മദ്യപിച്ചിരുന്നു. വേറൊരു സ്വഭാവമുള്ള ആളായി ശ്രീനാഥ് മാറി. ഇവരുടെ ദാമ്പത്യം ആകെ ആടിയുലഞ്ഞിരിക്കുകയാണെന്ന് ശ്രീനാഥിന്റെ സംസാരങ്ങളില്‍ നിന്ന് എനിക്ക് മനസിലായി.
ശാന്തികൃഷ്ണയെക്കുറിച്ച് അരുതാത്ത പലതും എന്നോട് പറഞ്ഞു. ഞാന്‍ പലതും അന്തം വിട്ട് കേട്ട് കൊണ്ടിരുന്നു. കടന്നല്‍ കൂട്ടില്‍ തലവെച്ചത് പോലെയായിരുന്നു അന്നെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഉറക്കം വരുന്നെന്ന് പറഞ്ഞ് താന്‍ റൂമിലേക്ക് പോകുകയായിരുന്നെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ശാന്തി കൃഷ്ണയുമായുള്ള വിവാഹബന്ധം വേര്‍പെട്ടപ്പോള്‍ എനിക്ക് യാതൊരു അതിശയോക്തിയും തോന്നിയില്ല. അത് അനിവാര്യതയാണെന്ന് തോന്നി.
യാതൊരു വിധ സമാധാനവും സന്തോഷവുമില്ലാതെ മനസ് കൊണ്ടകന്ന് പൊതുമധ്യത്തില്‍ മാതൃകാ ദമ്പതികളായി കഴിയുന്നതിലും നല്ലത് പിരിയുന്നതാണെന്ന അവരുടെ തീരുമാനം തികച്ചും ഉചിതമായിരുന്നു. പിന്നീടവര്‍ പുനര്‍വിവാഹ ചെയ്‌തെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.