
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവര്‍ക്കര്‍മാര്‍ കയര്‍ത്തെങ്കിലും പൊലീസ് അയഞ്ഞില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.

വേതനവര്‍ദ്ധന ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു . സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കണ്ട് മടങ്ങാന്‍ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ ‘മണിമുറ്റത്താവണിപ്പന്തല്‍ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തല്‍’ എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്.
തുടര്‍ന്ന് സുരേഷ് ഗോപി സമരക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പതിനൊന്നോടെയാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി സമരപ്പന്തലിലെത്തിയത്. മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിക്കും. സമരസമിതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശാപ്രവര്‍ത്തകരെ പിരിച്ചുവിട്ടാല്‍ കേന്ദ്രവിഹിതത്തില്‍ പുനര്‍വിചിന്തനം വേണ്ടിവരുമെന്നും പ്രധാനമന്ത്രിയോട് അതിന് ആവശ്യപ്പെടും, സുരേഷ് ഗോപി പറഞ്ഞു.ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും തീരുമാനിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.