
കണ്ണൂര്‍: ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പാനൂര്‍ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛന്‍ ശ്രീധരന്‍, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തത്.

2023 സെപ്റ്റംബര്‍ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍വെച്ച് ജിഷ്ണു മദ്യപിച്ചെത്തി മര്‍ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികള്‍ ചേര്‍ന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവന്‍ സ്വര്‍ണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോള്‍ വിവാഹമോചനം നല്‍കാതെ സ്വര്‍ണവും പണവും തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.