കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി എന്ന നിലയില്‍ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
നവീന്‍ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം തന്നെ നിഗമനമായി അവതരിപ്പിച്ചത്. ഇത് കുടുംബം പൂര്‍ണമായി വിശ്വസിക്കുന്നില്ല. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ അടക്കം നിരവധി പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള പൊലീസ് അന്വേഷണം നീതിപൂര്‍വകമാകില്ല. മൊഴി രേഖപ്പെടുത്താന്‍ കാലതാമസമുണ്ടായി. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണം.
മരണത്തിന് തൊട്ടു പിന്നാലെ നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. നവീന്‍ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ അടക്കം കുടുംബത്തിന് ആക്ഷേപമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് തിടുക്കപ്പെട്ട് നടത്തിയത് സംശയം വര്‍ധിപ്പിക്കുന്നു. താനോ കുടുംബാംഗങ്ങളോ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
നവീന്‍ബാബുവിന്റെ ബന്ധുവിനെ സാക്ഷിയാക്കി വേണമായിരുന്നു ഇന്‍ക്വസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വിധത്തിലായിരുന്നില്ല നടന്നത്. ഇക്കാര്യത്തില്‍ ആരുടെയൊക്കെയോ ഏതൊക്കെയോ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായാണ് സംശയിക്കുന്നത്. യാത്രയയപ്പ് യോഗത്തിന് ശേഷം പ്രതിയായ വ്യക്തി ആരെയെല്ലാം കണ്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. യാത്രയയപ്പിന് ശേഷം നവീന്‍ബാബുവിനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസിലെ പ്രതിപ്പട്ടികയിലുള്ള ആള്‍ വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. ആ രാഷ്ട്രീയ ശക്തി അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കും. അതിനാല്‍ കേരള പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന് ഒരുപാട് സംശയമുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ ഇടയുണ്ട്. തെളിവുകള്‍ കൈമോശം വന്നുപോകാതെ ഭാവിയിലേക്ക് അടക്കം സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ വളരെ കൃത്യമായും സുകാര്യമായും ആഴത്തിലുമുള്ള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.