5 വയസ്സുകാരിയായ പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് രാജപാളയം സ്വദേശിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ അലക്സ് പാണ്ഡ്യനാണ് (26) പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാർ ജോൺ വധശിക്ഷ വിധിച്ചത്.
പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കൊലപാതകം, പീഡനം, ക്രൂരമായ മർദ്ദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ 16 വകുപ്പുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് നവംബർ 5ന് കോടതി വിധിച്ചിരുന്നു.
തമിഴ്നാട് സ്വദേശികളായ ഇവർ കഴിഞ്ഞിരുന്നത് കുമ്പഴയിൽ വാടകവീട്ടിലാണ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ് പാണ്ഡ്യൻ ക്രൂരമായി കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിൻ്റെ ദേഹത്ത് ഒട്ടേറെ മുറിവുകളോടെ വീട്ടിൽവച്ച് സ്വന്തം അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ അലക്സ് തല്ലിച്ചതച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അലക്സ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസ് കൊലപാതകമാണെന്ന് തെളിഞ്ഞു. ലഹരിക്കടിമയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തി. പ്രതി ഇതിനിടെ പല തവണ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.