പത്തനംതിട്ട: സിപിഎം ഫെയ്സ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ പാര്‍ട്ടി പൊലീസില്‍ പരാതി നല്കി. ഇ-മെയില്‍ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസില്‍ പരാതി നല്കാന് കോണ്‍ഗ്രസ് സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി.
വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. പേജ് അഡ്മിന്മാരില് ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്.
എന്നാല്‍, ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വീഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിന് പാനല്‍ അഴിച്ചു പണിതു. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.