പൂനെയിലെ ക്യാബ് ഡ്രൈവറായ ഉമേഷിൻ്റെ ഭാര്യ സ്വപ്നാലിയെ (24) കാണാതായത് ഈ നവംബര്‍ 7 ന്. ഒരു യാത്രക്കാരനുമായി ബീഡ് എന്ന സ്ഥലത്ത് പോയ ഉമേഷ് അന്ന് രാവിലെ 10 മണിക്ക് സ്വപ്നാലിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഇതിനുശേഷം സ്വപ്നാലിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഉമേഷ് പറയുന്നു.
പിറ്റേന്നു സ്വപ്നാലിയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി നോക്കിയെങ്കിലും സ്വപ്നാലിയെ കണ്ടില്ല. 8 ന് തിരിച്ചെത്തിയ ഉമേഷ് ഭാര്യയെ തേടി ഏറെ അലഞ്ഞു. ബൈക്കില്‍ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി നോക്കി. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.
ശനിയാഴ്ച രാവിലെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന വിവരം ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അയാള്‍ താന്‍ കിടന്ന സോഫകം ബെഡ് തുറന്ന് പരിശോധിച്ചു. അപ്പോഴാണ് സ്വപ്നാലിയുടെ മൃതദേഹം അതിനുള്ളിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നഖത്തിന്റെ പാടുകളുണ്ടായിരുന്നു കഴുത്തില്‍
പുണെയ്ക്ക് സമീപം ഹദാപ് സറിലെ ഹുന്ദേകര്‍ വസ്തിയില്‍ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാറിന്റെ മൃതദേഹമാണ് സോഫയ്ക്കുള്ളില്‍ നിന്നും ലഭിച്ചത്. ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താന്‍ കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മോചിതനായിട്ടില്ല ഉമേഷ് ഇപ്പോഴും.
കേസ് അന്വേഷിക്കുന്ന പൊലീസ് പറയുന്നത് ആരും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നാണ്. അതുകൊണ്ടുതന്നെ സ്വപ്നാലിക്ക് പരിചയമുള്ള വ്യക്തിയാവാം കൊലപാതകിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരത്തില്‍ സംശയമുള്ള ഒരാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ ഫോണ്‍ ഓഫായെന്നും പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേയ്ക്കു നയിച്ച കാരണങ്ങൾ കണ്ടെത്താന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു.