കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനെ ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.
മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നടി പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പോലീസ്. നക്ഷത്രഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിര്‍ദേശമനുസരിച്ച് ഇവര്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാര്‍ട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാഗ ചോദ്യംചെയ്യലിനെത്തിയത്.
ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രയാഗ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിശദമായ ചോദ്യംചെയ്യല്‍തന്നെയുണ്ടാകും. അതിന് ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും. നടന്‍കൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങള്‍ ചെയ്യുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കേസില്‍, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ട തമ്മനം ഫൈസല്‍, ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ എത്തിയ ബ്രഹ്‌മപുരം സ്വദേശി അലോഷി പീറ്റര്‍, ഭാര്യ സ്‌നേഹ, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലില്‍ സന്ദര്‍ശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.