തിരുവനന്തപുരം: സംസ്ഥാനത്ത് 270ലധികം പ്രധാനധ്യാപക – എഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. പലയിടത്തും ചുമതലക്കാര്‍ ഇല്ലാതെയും അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയുമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഏതാനും ദിവസം മുന്‍പാണ് വൈക്കം എഇഒ. ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്യാംകുമാര്‍ ആത്മഹത്യ ചെയ്തത്. എഇഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചു എന്ന് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലേക്കുള്ള വിവരങ്ങള്‍ ആണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് പല വിദ്യാഭ്യാസ ഓഫീസുകളിലും എഇഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയാണ്. എഇഒമാര്‍ക്ക് പകരം സീനിയര്‍ സൂപ്രണ്ടുമാര്‍ അധികച്ചുമതല വഹിക്കുന്നു.
ഓഫീസ് ജോലികള്‍ നിര്‍വഹിക്കേണ്ട സൂപ്രണ്ടുമാര്‍ മേളകളുടെ നടത്തിപ്പുകള്‍ മുതല്‍ ദൈനംദിന മീറ്റിങ്ങുകളില്‍ വരെ പങ്കെടുക്കേണ്ടി വരുന്നത് വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. മറുവശത്ത് 200ലധികം സ്‌കൂളുകളിലാണ് പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ മുതിര്‍ന്ന അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുന്നു. ഇതുമൂലം അധ്യയനം അടക്കമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു എന്നാണ് പരാതി. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷന്‍ നടപടികള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.