കാസർകോട് ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളനോട്ട് സംഘം മംഗ്ളൂറിൽ പൊലീസിൻ്റെസ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 പേരെ മംഗ്ളുറു ജയിലിലടച്ചു. കള്ളനോട്ട് അച്ചടിച്ചത് ചെർക്കളയിലെ ശ്രീലിപി പ്രിൻ്റിംഗ് പ്രസിൽ നിന്നാണെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധിച്ചു.
പ്രസ് ഉടമ വി പ്രിയേഷ് (38), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനോദ് കുമാർ (33), ബേക്കൽ സ്വദേശി അബ്ദുൽ ഖാദർ (58), കർണാടക, പുത്തൂർ സ്വദേശി അയ്യൂബ് ഖാൻ (51) എന്നിവരെ അറസ്റ്റു ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു ക്ലോക് ടവറിനു സമീപത്തെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുമായി നാലംഗ സംഘം അറസ്റ്റിലായത്.
ലോഡ്ജ് മുറിയിൽ നിന്നും 500 രൂപയുടെ 427 വ്യാജ കറൻസികളും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഘത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിരങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസ് നിഗമനം.
വിദ്യാനഗർ പൊലീസിനോട് മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് സഹയം അഭ്യർത്ഥിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രിയേഷ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ഇയാളെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത് നാട്ടുകാരെ ഞെട്ടിച്ചു.
നേരത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പ്രിയേഷ് താമസിച്ചിരുന്നത്. പിന്നീട് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് താമസം മാറ്റി.