ചിക്കാഗോ(യു.എസ്): വിദ്യാര്‍ഥികള്‍ക്കുള്ള ചിക്കന്‍ വിംഗ്സ് മറിച്ചുവിറ്റ ഇലിനോയിസിലെ സ്‌കൂള്‍ കഫ്തീരിയ ജീവനക്കാരിക്ക് ഒമ്പത് വര്‍ഷം തടവ്. കോവിഡ് മഹാമാരിക്കാലത്താണ് സ്‌കൂള്‍ കുട്ടികള്‍ക്കെന്ന പേരില്‍ 68 കാരിയായ വെരാ ലിഡല്‍ എന്ന ജീവനക്കാരി ചിക്കന്‍ വിംഗ്സുകള്‍ എഴുതിവാങ്ങി തട്ടിപ്പ് നടത്തിയത്.
19 മാസത്തിലേറെ നടത്തിയ തട്ടിപ്പില്‍ ഏകദേശം 12.5 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. ഹാര്‍വി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് 152-ന്റെ ഫുഡ് സര്‍വീസ് ഡയറക്ടറായിരുന്നു ലിഡല്‍. 10 വര്‍ഷത്തിലേറെയായി ഫുഡ് സര്‍വീസ് ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു ലിഡല്‍. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വിദ്യാര്‍ഥികളാരും സ്‌കൂളിലെത്തിയിരുന്നില്ല. ഈ സമയത്താണ് സ്‌കൂളിന്റെ പേരില്‍ ലിഡല്‍ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയത്. 2020 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ ഓര്‍ഡറുകള്‍ നല്‍കുകയും മറിച്ചു വില്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ കാര്‍ഗോ വാനാണ് ചിക്കന്‍ വാങ്ങാനായി ഇവര്‍ ഉപയോഗിച്ചത്.
സ്‌കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാള്‍ 300,000 ഡോളര്‍ കൂടുതലായത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. അര്‍ധവാര്‍ഷിക കണക്കെടുപ്പിനിടെ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയതിന്റെ ഒപ്പിട്ട ബില്ലുകളും കണ്ടെത്തി. എന്നാല്‍, ഇത് വിദ്യാര്‍ഥികള്‍ക്ക് ഒരിക്കല്‍ പോലും കിട്ടിയിരുന്നില്ല. എല്ലുകളുള്ളതിനാല്‍ ഇവ കുട്ടികള്‍ക്ക് നല്‍കാറില്ലെന്നാണ് എബിസി 7 ചിക്കാഗോ റിപ്പോര്‍ട്ട് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ലിഡല്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഒമ്പത് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തു.