NEWSSocial Media

ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്! ഞെട്ടിക്കുന്ന പരാമര്‍ശവുമായി രഞ്ജിത്ത്

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

Signature-ad

ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു.

”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു

നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്.

ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്. നേരത്തെ, ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് (ഒരു തെരുവില്‍ നിരവധി ഷോകള്‍ നടത്തുന്ന ഒരു പരിപാടി) സംസാരിച്ചപ്പോള്‍ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ നൃത്തം ചെയ്യുന്നതിനെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: