CrimeNEWS

ആലപ്പുഴ സ്‌കൂളില്‍ നടന്നത് വെടിവയ്പ്പല്ലെന്ന് പോലീസ്; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിടികൊണ്ടടിച്ചു

ആലപ്പുഴ: കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂളിനു മുന്നില്‍ സഹപാഠിയെ തോക്കു കൊണ്ട് ആക്രമിച്ച വിദ്യാര്‍ഥികള്‍ വെടിവച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എയര്‍ഗണ്‍ വെടിയുതിര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കിന്റെ പിടി കൊണ്ട് അടിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സുഹൃത്താണ് 0.177 ഇഞ്ച് കാലിബറുള്ള ഈ എയര്‍ഗണ്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

തന്റെ ബന്ധുവിന്റെ തോക്കാണ് ഇയാള്‍ കൈക്കലാക്കിയത്. മുന്‍പ് ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതിയായിരുന്ന ഈ ബന്ധു പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണു തോക്ക് ‘മോഷണം’ പോയ വിവരം അറിയുന്നത്. ലൈസന്‍സില്ലാതെ ഉപയോഗിക്കാവുന്ന എയര്‍ഗണ്‍ ആണിത്. 6ന് വൈകിട്ടാണു നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 3 വിദ്യാര്‍ഥികള്‍ ചേര്‍ന്നു തോക്ക് ഉപയോഗിച്ചു സഹപാഠിയെ ആക്രമിച്ചത്. പിറ്റേന്നു പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. വെടിയുതിര്‍ത്തെന്നും കൊണ്ടില്ലെന്നുമാണ് എല്ലാവരും കരുതിയത്.

Signature-ad

തോക്ക് കൈവശമുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് എയര്‍ഗണ്‍ കണ്ടെടുത്തു. ഇന്നലെ ജില്ലാ പൊലീസ് ആര്‍മര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതു കൊണ്ടു വെടിവയ്ക്കാന്‍ പറ്റില്ലെന്നു മനസ്സിലായത്. തോക്ക് കൊണ്ട് അടിച്ചതായി അക്രമത്തിനിരയായ വിദ്യാര്‍ഥി മൊഴി നല്‍കി. ഒരു വിദ്യാര്‍ഥിയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് സംഭവ ദിവസം രാവിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനു തുടര്‍ച്ചയായിരുന്നു തോക്ക് കൊണ്ടുള്ള അക്രമം.

അക്രമത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കിനൊപ്പം മടക്കി കീശയില്‍ വയ്ക്കാവുന്ന പേനാക്കത്തിയും ഇരുവശത്തും മൂര്‍ച്ചയുള്ള മറ്റൊരു കത്തിയും പൊലീസ് കണ്ടെത്തി. അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പിക്കല്‍ എന്നിവയ്ക്കാണു കേസ് റജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികള്‍ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി.

 

Back to top button
error: