KeralaNEWS

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, സ്‌കൂട്ടറും കാറും കായലില്‍ വീണു; യാത്രികരെ രക്ഷിച്ചു

ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത കാര്‍ യാത്രക്കാരനും സ്‌കൂട്ടര്‍ യാത്രികനും പുന്നമടകായലില്‍ വീണു.മണ്ണഞ്ചേരി കാവുങ്കല്‍ സ്വദേശി ഗോകുല്‍, ആപ്പൂര് സ്വദേശി അന്‍സില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11.30ന് പുന്നമട റിസോര്‍ട്ടിന് കിഴക്ക് ഹൗസ് ബോട്ടുകള്‍ അടുപ്പിക്കുന്ന കടവിനു സമീപമായിരുന്നു സംഭവം. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ഹൗസ് ബോട്ട് ജീവനക്കാരെത്തി ഇരുവരെയും രക്ഷിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. സമീപത്തെ റിസോര്‍ട്ടില്‍ ആഘോഷം കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അപകടം. സ്‌കൂട്ടറില്‍ പോയ അന്‍സില്‍ ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്തു. കടവിലെത്തിയപ്പോഴാണ് റോഡ് അവസാനിച്ച കാര്യം മനസ്സിലായത്.ഉടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറും തൊട്ടുപിന്നാലെയെത്തിയ ഗോകുലിന്റെ കാറും കായലില്‍ പതിച്ചു. കാറില്‍ അകപ്പെട്ട ഗോകുലിനെ ഹൗസ് ബോട്ടിലെ ജീവനക്കാര്‍ ചേര്‍ന്നു കരയ്‌ക്കെത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും നോര്‍ത്ത് പൊലീസും സ്ഥലത്തെത്തി. കാര്‍ രാത്രി വൈകിയും കരയ്ക്കു കയറ്റാന്‍ സാധിച്ചിട്ടില്ല.

Back to top button
error: