KeralaNEWS

ഗോത്രത്തലവനെ കാണാന്‍ തന്നെ 25 ലക്ഷം വേണം; നിമിഷപ്രിയയുടെ മോചനത്തിന് ഉടന്‍ വേണ്ടത് 50 ലക്ഷം, സമാഹരിക്കേണ്ടത് മൂന്ന് കോടി

പാലക്കാട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നു യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയില്‍മോചനം സാധ്യമാകൂ. ഏതു സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാല്‍ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസധനത്തിനും മറ്റു നടപടികള്‍ക്കും ആവശ്യമായ മൂന്നു കോടിയോളം രൂപ അക്കൗണ്ടിലുണ്ടെന്നു ബോധ്യപ്പെടുത്തണമെന്നും ഇവര്‍ പറഞ്ഞു.

Signature-ad

മഹ്ദിയുടെ കുടുംബവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കഴിയില്ല. അവരുടെ ഗോത്രത്തലവനേ അതിന് കഴിയൂ. അവരുമായി ചര്‍ച്ച നടത്താന്‍ 25 ലക്ഷം രൂപയും മോചനത്തിന് അപേക്ഷിക്കാന്‍ മറ്റൊരു 25 ലക്ഷം രൂപയും ഉടന്‍ സമാഹരിക്കേണ്ടതുണ്ട്. മകളുടെ മോചനത്തിനായി ഈ തുക എത്രയും വേഗം സമാഹരിച്ച് തരണണമെന്ന് പ്രേമകുമാരി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അംഗങ്ങളുടെയും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ്, ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി യെമന്‍ പൗരനായ ഒരു അഭിഭാഷകനെ നിയമിക്കുകയും നിമിഷയ്ക്ക് വേണ്ടി ചര്‍ച്ച നടത്താനും മറ്റുമായി സൗകര്യങ്ങള്‍ ഒരുക്കിയത്. ഏപ്രിലിലാണ് മകളെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് പോയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: