Social MediaTRENDING

സംവിധായകന്‍ ഉദ്ദേശിച്ചതൊന്ന്, ദിലീപിന്റെ നിര്‍ദ്ദേശം മറ്റൊന്ന്; ‘തിളക്ക’ത്തിന്റെ തിളക്കത്തിനു പിന്നിലെ അറിയാക്കഥ

ദിലീപ് ചിത്രങ്ങള്‍ ഒരുകാലത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. ജനപ്രിയ നായകനായി ദിലീപ് അറിയപ്പെട്ടിരുന്ന കാലത്ത് വന്ന നടന്റെ ഒട്ടുമിക്ക സിനിമകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കല്യാണരാമന്‍, മീശമാധവന്‍, തിളക്കം, സിഐഡി മൂസ, ഗ്രാമഫോണ്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഒരു നിര തന്നെ അക്കാലത്ത് പുറത്തിറങ്ങി. ദിലീപ് ചിത്രങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ താരത്തിന്റെ ഗ്രാഫ് താഴ്ന്നു.

പതിവു ശൈലികളില്‍ വരുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെയായി. ഇതിനിടെ വന്ന വിവാദങ്ങള്‍ ദിലീപിനെ കാര്യമായി ബാധിച്ചു. അടുത്ത കാലത്താണ് നടന്‍ കരിയറില്‍ വീണ്ടും സജീവമായി തുടങ്ങിയത്. പക്ഷെ നടന്റെ ഒരു ഹിറ്റ് സിനിമ പുറത്തിറങ്ങിയിട്ട് ഏറെക്കാലമായി. ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്.

Signature-ad

റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലുണ്ടാകുന്ന തിരക്കഥകളില്‍ ദിലീപ് നായകനായി എത്തുമ്പോള്‍ വന്‍ വിജയമാകുന്ന ഒരു കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഈ ഹിറ്റോ കോബോയിലുണ്ടായ ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ തിളക്കം. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, കാവ്യ മാധവന്‍ എന്നിവരാണ് പ്രധാന വേഷം ചെയ്തത്.

ഒരു ഗ്രാമവും ഗ്രാമത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം മനോഹരമായി ചിത്രത്തില്‍ കാണിച്ചു. നായകനും നായികയ്ക്കുമപ്പുറം ക്യാരക്ടര്‍ റോളുകളില്‍ വന്നവരെല്ലാം തിളങ്ങിയ സിനിമയാണ് തിളക്കം. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കെപിഎസി ലളിത, സലിം കുമാര്‍, ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍ തുടങ്ങിയ അഭിനേതാക്കളെല്ലാം തകര്‍പ്പന്‍ പ്രകടനം ചിത്രത്തില്‍ കാഴ്ച വെച്ചു.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തുകളില്‍ ഒരാളായ മെക്കാര്‍ട്ടിന്‍. ദിലീപിന്റെ നിര്‍ദ്ദേശം കാരണമാണ് തിളക്കം ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

തിളക്കം ശരിക്കും നടന്ന കഥയാണെന്നും മെക്കാര്‍ട്ടിന്‍ പറയുന്നു. പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്നു അത്. നഷ്ടപ്പെട്ട കുട്ടിയെ പില്‍ക്കാലത്ത് തിരിച്ച് കിട്ടി. ചികിത്സിച്ച് ഭേദമാക്കിയപ്പോഴാണ് ഞാനല്ല എന്ന് പറയുന്നത്. നടന്ന ഒരു സംഭവം എഴുതിക്കൊണ്ട് വന്ന് തന്നതാണ്. ഇത് അവാര്‍ഡ് പടം പോലെയാക്കാനായിരുന്നു ജയരാജിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ദിലീപ് വഴി നമ്മുടെ അടുത്ത് വരുന്നത്. കൊമേഴ്ഷ്യലാക്കിയാല്‍ കൂടുതല്‍ സ്‌കോപ്പുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ അടുത്ത് വരുന്നത്.

ആ ഘടകം വെച്ച് തിരക്കഥ വികസിപ്പിക്കുകയായിരുന്നെന്ന് മെക്കാര്‍ട്ടിന്‍ പറയുന്നു. പവി കെയര്‍ ടേക്കറാണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിനീത് കുമാറാണ് ചിത്രത്തിലെ നായകന്‍. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ദിലീപിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: