IndiaNEWS

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പുരുഷന്‍ എപ്പോഴും തെറ്റുകാരനാകണമെന്നില്ല; നിയമങ്ങള്‍ സ്ത്രീ കേന്ദ്രീകൃതമെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്നൗ: ഇന്ത്യയിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍, സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഇതില്‍ എല്ലായ്പ്പോഴും പുരുഷന്‍ തെറ്റുകാരനാകണമെന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 16-ാം വകുപ്പ് പ്രകാരം ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ അന്തസ്സും ബഹുമാനവും സംരക്ഷിക്കുന്നതിനുള്ള നിയമമാണ്. എന്നാല്‍, ഇതില്‍ എല്ലാ സാഹചര്യങ്ങളിലും പുരുഷന്‍ മാത്രം തെറ്റുകാരനാകണമെന്നില്ല.

ഇത്തരം സംഭവങ്ങളില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മേല്‍ ഒരുപോലെ കുറ്റം ചുമത്തപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ രാഹുല്‍ ചതുര്‍വേദി, നന്ദ് പ്രഭ ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഐപിസി സെക്ഷന്‍ 323, 504, 506, 376, എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3(2)(വി) എന്നിവ പ്രകാരമാണ് യുവതിയുടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Signature-ad

എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍, ഐപിസി സെക്ഷന്‍ 323 പ്രകാരം വിചാരണ കോടതി പ്രതിയെ ഗുരുതരമായ എല്ലാ കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിക്കൊണ്ട് ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2014 ലാണ് യുവതിയും പ്രതിയും പരിചയപ്പെട്ടതെന്നും പിന്നാലെ ഇവര്‍ പ്രണയ ബന്ധത്തില്‍ ആവുകയായിരുന്നുവെന്നും യുവതി പറയുന്നു. ഇരുവരുടെയും ബന്ധം ആഴത്തിലായതിനാല്‍ അത് വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധത്തിലേക്കും നയിച്ചു. പ്രതി, യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പിന്നീട് 2018 ല്‍ യുവാവ് ഒരു കോളേജില്‍ ജോലിക്ക് കയറിയതിനുശേഷമാണ് തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതെന്നും യുവതി ആരോപിക്കുന്നു .

തുടര്‍ന്ന് 2019 ഓടെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. കൂടാതെ വിവാഹകാര്യം പറഞ്ഞ് ഇയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ പ്രതിയുടെ അമ്മ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി.

അതേസമയം, യുവതി ഇയാളെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് കേസില്‍ പ്രതിഭാഗത്തിന്റെ വാദം. ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും അവകാശപ്പെടുന്നു.

ലൈംഗികാരോപണം ഉന്നയിച്ചിട്ടും യുവതി വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാത്തതും പ്രതിഭാഗം മറ്റൊരു കാരണമായി പറഞ്ഞു. എന്നാല്‍ സഹോദരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിനാലാണ് വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാഞ്ഞതെന്നും യുവതി പറഞ്ഞു. ഇത് വളരെ വിചിത്രമായ ഒരു കാരണമായി കണ്ട കോടതി, ഈ ആരോപണം സ്ഥാപിക്കാന്‍ ആവശ്യമായി തെളിവുകള്‍ ഇല്ലെന്നും നിരീക്ഷിച്ചു.

2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യുവതിയും പ്രതിയും അലഹബാദിലെയും ലഖ്നൗവിലെയും ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും വെച്ച് പതിവായി കണ്ടുമുട്ടിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഇവരുടെ അഞ്ച് വര്‍ഷത്തെ ബന്ധത്തിനിടയില്‍ യുവതി ഒരിക്കലും വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും 2019 ല്‍ വേര്‍പിരിഞ്ഞതിനുശേഷം ആണ് ആരോപണം ഉന്നയിക്കുന്നതെന്നും കോടതി എടുത്തുപറഞ്ഞു. വിവാഹം കഴിക്കുമെന്ന് തെറ്റിദ്ധരിച്ചാണ് ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയതെന്നതാണ് യുവതി ഉന്നയിക്കുന്ന പ്രധാന ആരോപണമെന്നും കോടതി വിലയിരുത്തി.

മാത്രമല്ല, 2010 ല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായും 2012 ല്‍ ഈ ബന്ധം അവസാനിപ്പിച്ചതായും കോടതി വിലയിരുത്തി. കൂടാതെ, യുവതി തന്റെ ജാതിയെക്കുറിച്ച് പ്രതിയെ ആദ്യം തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉണ്ട് . ‘ ഈ കേസില്‍ ആര് ആരെയാണ് കബളിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്,” ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഇരുകക്ഷികളുടെയും എല്ലാ തെളിവുകളും വാദങ്ങളും വിശദമായി പരിശോധിച്ച കോടതി യുവതിയുടെ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: