KeralaNEWS

സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? മുഖ്യമന്ത്രിയുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജി സുധാകരന്‍ ഉന്നയിക്കുന്നത്. സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം. എന്നാല്‍ ഇതില്‍ ഒരു അന്വേഷണവും വേണ്ടേ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. അമ്പലപ്പുഴയില്‍ 2021ല്‍ 11,000ല്‍പ്പരം വോട്ടിന് പാര്‍ട്ടി വിജയിച്ചപ്പോള്‍ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം.

ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആളാണ് സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റതെന്നും സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്ത ആളാണ് അന്വേഷിക്കാന്‍ വന്നത്. ഇവിടെ എത്തിയ ശേഷം തെളിവ് കൊടുക്കാന്‍ പോയ എട്ട് നേതാക്കളെ ഭീഷണിപ്പെടുത്തി. തെറ്റ് ജി സുധാകരന്റെ ഭാഗത്ത് അല്ലെന്ന് മൊഴി നല്‍കിയവരെയാണ് ഭീഷണിപ്പെടുത്താന്‍ കരീം മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

Signature-ad

അമ്പലപ്പുഴയിലെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൂടിയ സംസ്ഥാന കമ്മിറ്റിയിലെ അജണ്ടയെക്കുറിച്ച് തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും യോഗത്തിന് എത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോള്‍ കരീം തോറ്റത് ആരെങ്കിലും തോല്‍പ്പിച്ചതാണോ എന്ന് അന്വേഷിക്കണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു. അമ്പലപ്പുഴയില്‍ പാര്‍ട്ടി വിജയിച്ചിട്ടും പാര്‍ട്ടിയോ സംസ്ഥാന കമ്മിറ്റിയോ തന്നെ മനസ്സിലാക്കിയില്ലെന്നും ജി സുധാകരന്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ജി.സുധാകരന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് മാനസികമായ അടുപ്പമില്ലെന്നും അന്നും ഇന്നും വിഎസ് അച്യുതാനന്ദന് അപ്പുറം ഒരു നേതാവ് തനിക്ക് ഇല്ലെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. പുതിയ തലമുറ നേതാക്കളില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് തിരിച്ചുവരാന്‍ പാര്‍ട്ടി കാര്യങ്ങള്‍ മനസ്സിലാക്കി തിരുത്തണമെന്നും സുധാകരന്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: