ന്യൂഡല്‍ഹി: വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങള്‍ അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും എന്‍.സി.ആര്‍.ടി.ഇ. ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോയെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. എന്‍.സി.ആര്‍.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്വേഷം സൃഷ്ടിക്കുന്നവരായോ വിദ്വേഷത്തിന് ഇരയാകുന്നവരായോ വിദ്യാര്‍ഥികളെ മാറ്റുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോ? വലുതാകുമ്പോള്‍ ഇത് പഠിക്കാം. അവര്‍ വളരുമ്പോള്‍ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടുള്ള സമീപകാല സംഭവവികാസങ്ങള്‍ പാഠഭാ?ഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വിദ്യാര്‍ഥികള്‍ അറിയേണ്ടേ? പുരാതനമായ വിഷയങ്ങളും പുതിയകാല സംഭവങ്ങളും ഉള്‍പ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
അപ്രസ്‌കതമായതെന്തും മാറ്റേണ്ടിവരും. അത് മാറ്റുന്നതില്‍ എന്താണ് തെറ്റ്? ഇവിടെ ഒരു കാവിവത്കരണവും ഞാന്‍ കാണുന്നില്ല. വിദ്യാര്‍ഥികള്‍ വസ്തുതകള്‍ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. മറിച്ച്, ഒരു യുദ്ധക്കളം സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
എന്‍.സി.ആര്‍.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പകരം രാമക്ഷേത്രനിര്‍മാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉള്‍പ്പെടുത്തി. മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമെന്നാണ് പാഠഭാഗങ്ങളില്‍ ബാബറി മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്.