KeralaNEWS

വിജയത്തിലും ‘കുലത്തൊഴില്‍’ മറക്കാതെ കേരളാ ബി.ജെ.പി; പോര് മൂക്കുന്നു, സുരേഷ് ഗോപിയും രാജീവ് ചന്ദ്രേശഖറും ഇറങ്ങിക്കളിക്കുമെന്ന പേടിയില്‍ ‘താപ്പാനകള്‍’

തിരുവനന്തപുരം: തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസിനും തകര്‍ന്നടിഞ്ഞ സി.പി.എമ്മിനും പിന്നാലെ കേരളത്തില്‍ ചരിത്ര വിജയം കരസ്ഥമാക്കിയ ബി.ജെ.പിയിലും ഉള്‍പ്പാര്‍ട്ടിപ്പോര് കനക്കുന്നു. സുരേഷ് ഗോപിയിലൂടെ സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദം അവസാനിക്കും മുന്‍പേയാണിത്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനെ തോല്‍പിക്കാന്‍ മുതിര്‍ന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്ന ആരോപണം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയപ്പോള്‍ പര്യടനത്തില്‍നിന്ന് ആലപ്പുഴ ഒഴിവാക്കാന്‍ ചിലര്‍ കരുക്കള്‍ നീക്കിയെന്നാണ് ശോഭയുടെ പരാതി. പ്രചാരണ രംഗത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന് അവര്‍ പരാതി നല്‍കിയതായി വിവരമുണ്ട്.

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ജില്ലാ നേതൃത്വം അവഗണിച്ചതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫല പ്രഖ്യാപനദിവസം സ്ഥലത്തുണ്ടായിട്ടും ബിജെപി ഓഫീസിലേക്ക് അനില്‍ എത്തിയില്ല. ഫലം വന്നതിനു ശേഷം പി.സി. ജോര്‍ജ് അനിലിനെതിരെ രൂക്ഷവിമര്‍ശനം നടത്തി.

Signature-ad

മാവേലിക്കരയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി വോട്ടുവിഹിതം 2.25% വര്‍ധിപ്പിച്ചെങ്കിലും തൊട്ടടുത്ത മണ്ഡലങ്ങളില്‍ എന്‍ഡിഎ ഉണ്ടാക്കിയ നേട്ടത്തിന് ഒപ്പമെത്തിയില്ലെന്നാണു പരാതി. കോട്ടയത്ത് ബിജെപി ശക്തികേന്ദ്രമായ ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് വേണ്ട വോട്ട് കിട്ടിയില്ലെന്നാണു മറ്റൊരു പരാതി. പാലക്കാട് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാഞ്ഞതും ചര്‍ച്ചയായി. തിരുവനന്തപുരത്ത് ബിജെപി മുന്നേറിയെങ്കിലും വട്ടിയൂര്‍ക്കാവ് അടക്കമുള്ള മേഖലകളിലെ ചോര്‍ച്ച ചര്‍ച്ചയാണ്.

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സുരേഷ് ഗോപി നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്നു കരുതുന്നവരുണ്ട്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തു തന്റെ പ്രവര്‍ത്തനം സജീവമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ ഒരു വിഭാഗം രംഗത്തു വരികയും അവര്‍ക്കു കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്താല്‍ തങ്ങളുടെ അവസ്ഥ പരിതാപകരമാകുമെന്ന് കരുതുന്ന താപ്പാനകളും ബി.ജെ.പിയിലുണ്ട്.

Back to top button
error: