KeralaNEWS

സുധാകരനും സതീശനും കണ്ണടച്ച് ഇരുട്ടിൽ പരതുന്നു, കേരളത്തിൽ താമര വിരിയാൻ വെള്ളവും വളവും നൽകിയത് ഇവർ ഇരുവരും

       കെ. സുധാകരൻ മുരളീധരനെ സാന്ത്വനിപ്പിക്കാൻ വീട്ടിൽ ചെല്ലുന്നു, അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നു. വയനാട് സീറ്റോ കെ.പി.സി സി പ്രസിഡൻ്റു സ്ഥാനമോ എന്തും വാഗ്ദാനം ചെയ്യുന്നു… ആകെ പൂരമയം. പക്ഷേ ഇതിനൊക്കെ മുമ്പ് സുധാകരൻ ചെയ്യേണ്ട ഒരു കാര്യമുണ്ടായിരുന്നു. തൃശൂരിൽ  കെ. മുരളിധരനെ എങ്ങനെയും ജയിപ്പിച്ചെടുക്കുക എന്നത്. അതു ചെയ്യാതെ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ടെന്തു കാര്യം…?

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ  കെ. മുരളിധരൻ നേടിയത് കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വോട്ട് കുറവ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും എൻ.ഡി.എ സ്ഥാനാർത്ഥിക്കും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ വോട്ട് കൂടിയപ്പോൾ  മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചു. അതിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യം യു.ഡി.എഫ് വോട്ടുകൾ വലിയ തോതിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീണു എന്നു തന്നെ. ചുരുക്കി പറഞ്ഞാൽ ഉറപ്പായും ബി.ജെ.പിയെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസും അതിൻ്റെ നേതാക്കളും തന്നെ.

Signature-ad

കേരളത്തിൽ 20 ൽ 18 സീറ്റും യു.ഡി.എഫ് കരസ്ഥമാക്കിയെന്ന്  വീരവാദം മുഴക്കുമ്പോഴും കോൺഗ്രസ് നേതാക്കൾ മനപൂർവ്വം വിസ്മരിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. ഒരിക്കലും താമര വിരിയില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്ത ഒരു സംസ്ഥാനത്താണ്  ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആദ്യമായി ലോക് സഭയിലേയ്ക്ക് അക്കൗണ്ട് തുറന്നത്.

ദേശീയ തലത്തിൽ  ഇടതു പാർട്ടികൾ പോലും കോൺഗ്രസിനോട് ചേർന്ന് ബി.ജെ.പിക്ക് എതിരെ പോരാടുന്ന ഘട്ടത്തിലാണ് തൃശൂർ ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബി.ജെ.പി ആദ്യമായി ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഏത് മണ്ഡലത്തിൽ നിന്നാലും മികച്ച രീതിയിൽ വോട്ട് പിടിക്കാൻ ശേഷിയുള്ള മുരളീധരനെപ്പോലെ ശക്തനായ  ഒരു നേതാവ് നാണംകെട്ട രീതിയിൽ തോൽക്കുന്ന അവസ്ഥയുണ്ടായതിന് പിന്നിൽ ആരുടെയോ കറുത്ത കരം പ്രവർത്തിച്ചു എന്ന് വ്യക്തം. പ്രചാരണത്തിൻ്റെ തുടക്കത്തിൽ തന്നെ മുരളീധരൻ പറഞ്ഞിരുന്നു, തൃശൂരിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബലമാണെന്ന്. ഇതിന് ചെവികൊടുക്കാൻ പോലും കെ.പി.സി.സി പ്രസിഡൻ്റോ പ്രതിപക്ഷ നേതാവോ തയാറായില്ല.

കേരളത്തിൽ ശരിക്കും ത്രികോണ മത്സരം നടന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിൽ ആയിരുന്നു. തിരുവനന്തപുരത്തും തൃശൂരും. തിരുവനന്തപുരത്ത് തരൂർ ഭാഗ്യം കൊണ്ട് നീന്തിക്കയറി. ഈ രണ്ട് മണ്ഡലങ്ങളിലും കൂടുതലായും ശ്രദ്ധിക്കേണ്ട കോൺഗ്രസ് നേതാക്കൾ ഇതൊക്കെ ലാഘവത്തോടെയാണ് കണ്ടത്.

ലോക് സഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡൻ്റ് എന്ന നിലയിൽ കെ സുധാകരൻ എല്ലാ മണ്ഡലങ്ങളിലും എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹം മത്സരിക്കുന്നില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർത്ഥിയാക്കി ഇറക്കി കണ്ണൂരിൽ തളച്ചിട്ടു. ഇതൊക്കെ പാർട്ടിക്ക് പറ്റിയ ഗുരുതര വീഴ്ചയാണ്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കേരളം എന്നും കോൺഗ്രസിനോട് അനുഭാവം പുലർത്തുന്ന സംസ്ഥാനമാണ്. ഇവിടെ 2019ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഇടതിനെ ഒരു സീറ്റിൽ ഒതുക്കി മറ്റ് എല്ലാം  യു.ഡി.എഫ് നേടി.

ആ തിളക്കം ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവകാശപ്പെടാൻ പറ്റില്ല. ദേശീയ തലത്തിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്ക് എതിരെ വലിയ വെല്ലുവിളി ഉയർത്തിയപ്പോൾ കേരളം ഒരു സീറ്റ് ബി.ജെ.പിക്കു താലത്തിൽ വെച്ച് കൊടുത്തു. അതാണ് ഇവിടെ സംഭവിച്ച ദുരന്തം. അല്പം  ശ്രദ്ധിച്ചിരുന്നെങ്കിൽ ബി.ജെ.പി ഇവിടെ അക്കൗണ്ട് തുറക്കുമായിരുന്നില്ല. പ്രതിപക്ഷ നേതാവും സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റും ഇത് ഗൗരവമായി ചിന്തിക്കേണ്ട വസ്തുതയാണ്. അതിനു പ്രായശ്ചിത്തമായി ഇരുവരും സ്ഥാനങ്ങൾ രാജിവച്ചൊഴിയുകയാണ് ആദ്യം ചെയ്യേണ്ടത്. അതല്ലാതെ തൃശൂർ ഡി.സി.സിയെ ബലിയാടാക്കുകയല്ല  വേണ്ടത്.

Back to top button
error: