തിരുവനന്തപുരം: മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോര്‍ട്ട്. ഇതിനായുളള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നുമാണ് റിപ്പോര്‍ട്ട്. ലീഗിലെ കെഎം ഷാജിയാണ് ദേവര്‍കോവിലുമായി ചര്‍ച്ചകള്‍ നടത്തുത്. എന്നാല്‍, ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കെഎം ഷാജി പ്രതികരിച്ചത്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും ഐഎന്‍എല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനില്‍ക്കുമെന്നുമാണ് അഹമ്മദ് ദേവര്‍കോവില്‍ പറയുന്നത്. സമസ്ത- ലീഗ് വിഷയത്തിലെ തന്റെ അഭിപ്രായം തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത- ലീഗ് വിഷയം രമ്യമായി പരിഹരിക്കണമെന്നും ഇരുകൂട്ടര്‍ക്കും ഇടയിലെ തര്‍ക്കം ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നു എന്നാണ് സിപിഎം പറയുന്നത്.
നേരത്തേതന്നെ ഐഎന്‍എല്ലിലെ പ്രവര്‍ത്തന രീതിയോട് സിപിഎമ്മിന് അത്ര താത്പര്യമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയും തുടര്‍ന്നുള്ള പരസ്യ വിഴുപ്പലക്കലുമായിരുന്നു ഇതിന് കാരണം. 2021ല്‍ കൊച്ചില്‍ ചേര്‍ന്ന പാര്‍ട്ടിയിലെ യോഗത്തിലുണ്ടായ വാക്കേറ്റവും തുടര്‍ന്ന് പരസ്പരം പുറത്താക്കിയതുമാണ് സിപിഎമ്മിനെ ഏറെ ചൊടിപ്പിച്ചത്.ഈ ഘട്ടത്തില്‍ മന്ത്രിസ്ഥാനം തിരിച്ചെടുക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും ആലോചിക്കുന്നു എന്നതരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പിഎസ്സി അംഗത്വത്തിനായി കാസിം ഇരിക്കൂര്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഒരുവിഭാഗം ആരോപിച്ചതും സിപിഎമ്മിന്റെ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. മുസ്ലീം സംഘടനകള്‍ക്കിടയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുന്നതിനാല്‍ ഐഎന്‍എലിനെ കൂടെ നിറുത്തേണ്ടത് സിപിഎമ്മിന് ആവശ്യമായിരുന്നു. അതിനാലാണ് സിപിഎം ഇടപെട്ട് തര്‍ക്കങ്ങള്‍ ഒതുക്കിതീര്‍ത്ത് മുന്നോട്ടുപോയത്. അതിനിടെ തന്നെ ഐഎന്‍എല്ലിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി പഴയ ലാവണത്തിലെത്തിക്കാന്‍ ലീഗ് ശ്രമിച്ചുകൊണ്ടിരുന്നു. ഇതില്‍ ഇപ്പോള്‍ ഏറക്കുറെ വിജയിച്ചു എന്നതരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എല്‍ഡിഎഫില്‍ നിന്ന് ഉടന്‍ വിട്ടുപോകില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനിമുമ്പ് ഇതുണ്ടാവും എന്നാണ് ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
രണ്ടാം പിണറായി സര്‍ക്കാരില്‍ തുറമുഖ – മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഇക്കഴിഞ്ഞ ഡിംസംബറിലാണ് രാജിവച്ചത്. അദ്ദേഹത്തിനൊപ്പം ഗതാഗതാ വകുപ്പ് മന്ത്രിയാണ് ആന്റണി രാജുവും രാജിവച്ചിരുന്നു. പൂര്‍ണ സംതൃപ്തിയോടെയാണ് ടേം പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി ആക്കിയത് എല്‍ഡിഎഫ് ആണെന്നുമാണ് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.