KeralaNEWS

472 പേരില്‍നിന്ന് ബാറുടമകള്‍ പിരിച്ചത് നാലരക്കോടി; കെട്ടിടത്തിന് വേണ്ടി പിരിച്ചത് ഒരു ലക്ഷം രൂപ വീതം

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കെട്ടിടത്തിനു വേണ്ടി ബാറുടമകള്‍ പിരിച്ചത് ഒരു ലക്ഷം രൂപ തന്നെ. ഇത് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. 472 പേരില്‍ നിന്നായി നാലരക്കോടി രൂപയാണ് പിരിച്ചത്. പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ ഏപ്രില്‍ ഒന്നിന് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടു. പണം നല്‍കിയ ബാറുകളുടെ വിശദാംശങ്ങളടക്കം മീഡിയവണിന് ലഭിച്ചു. അപൂര്‍വം ചില ബാറുഉടമകള്‍ 50000 രൂപവെച്ചും പിരിവ് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരുകോടിയലധികം രൂപയാണ് പിരിച്ചെടുത്തത്.

അതേസമയം, മദ്യനയ കോഴ വിവാദത്തില്‍ മൗനം പാലിച്ച് സര്‍ക്കാര്‍. പണപ്പിരിവിലും മദ്യനയത്തിലെ ഇളവിലും നിരവധി വിവരങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി അടക്കമുള്ളവര്‍ മൗനം തുടരുകയാണ്.. ഉദ്യോഗസ്ഥതലത്തിലെ വിശദീകരണങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. മദ്യനയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതിനാല്‍ പ്രതികരണത്തിന്റെ കാര്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്

Signature-ad

ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പ്രത്യുപകാരം ചെയ്യണമെന്ന ബാറുടമയുടെ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ എക്സൈസ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍തലത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലന്നും, ചര്‍ച്ച ചെയ്യാത്ത മദ്യനയത്തിന്റെ പേരില്‍ പണം പിരിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും എം.ബി രാജേഷ് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടര്‍ യോഗം വിളിച്ചു എന്ന വിവരം പുറത്തുവന്നു. ഈ മാസം 21ന് യോഗം ചേര്‍ന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സംഭവം വിവാദമായതോടെ മന്ത്രി അറിഞ്ഞല്ല യോഗമെന്ന് ടൂറിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി വിശദീകരിച്ചു. ടൂറിസം ഡയറക്ടര്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്ന് ടൂറിസം മന്ത്രിയും വിശദീകരിച്ചു. അതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്റെ പത്രക്കുറിപ്പ് പുറത്തുവരുന്നത്. സര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കാലങ്ങളിലും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താറുണ്ട്, അതിന്റെ ഭാഗമായി ഡ്രൈ ഡേ ഒഴിവാക്കുന്ന അടക്കമുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറുപ്പില്‍ വിശദീകരിച്ചു.

എന്നാല്‍, വലിയ വിവാദമുണ്ടായിട്ടും വിശദീകരണങ്ങള്‍ ഉദ്യോഗസ്ഥലത്തില്‍ മാത്രം ഒതുങ്ങുകയാണ്. ടൂറിസം ഡയറക്ടര്‍ പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എക്സൈസ് മന്ത്രി വിദേശയാത്രയിലാണ്. സര്‍ക്കാര്‍തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച നടക്കാത്തതിനാല്‍ കാര്യമായ പ്രതികരണങ്ങളിലേക്ക് മന്ത്രിമാര്‍ കടക്കേണ്ടതില്ലെന്നാണ് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കുന്നത്.

 

 

 

Back to top button
error: