നൈറ്റ് ഷിഫ്റ്റ് ജോലി ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഐ.ടി മേഖല, മാദ്ധ്യമ സ്ഥാപനങ്ങള്‍, ആരോഗ്യമേഖല തുടങ്ങി നിരവധി ഇടങ്ങള്‍ പകല്‍ പോലെ തന്നെ രാത്രിയിലും ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പുതിയതായി പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള നൈറ്റ് ഷിഫ്റ്റ് ജോലികള്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. യുഎസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. തുടര്‍ച്ചയായി മൂന്ന് രാത്രികളിലെ ഉറക്കമിളച്ചുള്ള ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രോട്ടോം റിസര്‍ച്ച് എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്‌കത്തിലെ ജൈവ ഘടികാരം രാവും പകലും ചക്രങ്ങളുമായി സമന്വയിപ്പിച്ച് നമ്മുടെ ശരീരത്തിന്റെ താളങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചാണ് പഠനം നടന്നത്. രാത്രി ഷിഫ്റ്റുകള്‍ മൂലം ഈ അതിലോലമായ സന്തുലിതാവസ്ഥ തകരാറിലാകുമ്പോള്‍, ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവും ഊര്‍ജ്ജ ഉപാപചയവുമായി ബന്ധപ്പെട്ടതുമായ ഒരു ശൃംഖലയെ തകരാറിലാക്കുന്നു.
പ്രധാന ഗവേഷകരിലൊരാളായ പ്രൊഫസര്‍ ഹാന്‍സ് വാന്‍ ഡോംഗന്‍, ശരീരത്തിന്റെ പ്രോട്ടീന്‍ താളം തെറ്റിക്കാന്‍ തുടര്‍ച്ചയായി മൂന്ന് രാത്രി ഷ്ര്രിഫുകള്‍ മതിയാകുമെന്നും, ഇത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായും ഗ്ലൂക്കോസ് നിയന്ത്രണവുമായും ബന്ധപ്പെട്ടിരിക്കുന്ന പ്രധാന പ്രോട്ടീനുകള്‍ രക്ത സാമ്പിളുകള്‍ വഴി ഗവേഷകരുടെ സംഘം തിരിച്ചറിഞ്ഞു.
രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ ഗ്ലൂക്കോസിന്റെ ലെവല്‍ പൂര്‍ണ്ണമായും മാറുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുക മാത്രമല്ല, ഇന്‍സുലിന്‍ ഉല്‍പാദനത്തിനും സംവേദനക്ഷമതയ്ക്കും നിര്‍ണായകമായ പ്രക്രിയകളെ വന്‍തോതില്‍ സ്വാധീനിക്കുകയും, പ്രമേഹം പോലുള്ള ഉപാപചയ വൈകല്യങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരില്‍. രാത്രി വൈകിയുള്ള ഷിഫ്റ്റുകളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് ഗവേഷണം ശുപാര്‍ശ ചെയ്യുന്നു. 1.പതിവ് ഇടവേളകള്‍ നടപ്പിലാക്കുക. 2.ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തിരഞ്ഞെടുക്കുക. 3.മതിയായ ഉറക്ക ശീലമാക്കുക. 4.ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക. 5.യോഗ,ധ്യാനം തുടങ്ങിയവ ശീലമാക്കുക.