വരൂ! അതിജീവനത്തിന്റെ പുതുഗാഥ രചിച്ച വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച; ആദ്യഘട്ടത്തില്‍ 178 വീടുകള്‍; ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്

വയനാട്: വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 178 വീടുകളാണ് അതിജീവിതര്‍ക്ക് നല്‍കുക. അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പങ്കെടുക്കാന്‍ ഏവരെയും ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.
വയനാടന്‍ താഴ്വാരങ്ങളില് മണ്ണിലമര്‍ന്ന ജീവിതങ്ങളടക്കം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതൊന്നും വീണ്ടെടുക്കാനാവില്ല. എങ്കിലും ഇവിടെ അതിജീവനത്തിന്റെ കഥ പറയാനുണ്ട്. അതിനു തുടക്കമിടാന്‍ ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് വീടുകള്‍ കൈമാറും. ദുരിതം മാറി നല്ല നാളുകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്കി പൂച്ചെടികളും പച്ച പുല്പരവതാനിയുമൊക്ക വിരിച്ച് തയാറാക്കിയ മണ്ണില്‍ ജീവിതത്തിന്റെ പുത്തന്‍ തുടിപ്പുകളെത്തുകയാണ്.
കല്‍പ്പറ്റയില്‍ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഏഴ് സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റില്‍ ആണ് ഓരോ വീടും പണിതിരിക്കുന്നത്. രണ്ടു കിടക്കമുറികള്‍, വിശാലമായ ഹാളും, സോളാര്‍ പാനലും അടക്കം ആധുനിക സംവിധാനങ്ങളോടുകൂടിയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്
അതിജീവനത്തിന്റെ പുതുഗാഥ രചിച്ചുകൊണ്ട് നാം പണിതുയര്‍ത്തിയ കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനമാണ് നടക്കാന്‍ പോവുന്നത്. നമ്മുടെയെല്ലാം ഉള്ളുലച്ച ദുരന്തമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരല്‍മല ഭാഗത്തുണ്ടായ ഉരുള്‍പൊട്ടല്‍. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാവുന്ന ആവേശകരമായ മുഹൂര്‍ത്തമാണിത്. 178 കുടുംബങ്ങള്‍ക്കായുള്ള ഫേസ്-1 ന്റെ ഉദ്ഘാടനമാണ് നാളെ (ഞായര്‍). സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ മഹത്തായ ടൗണ്‍ഷിപ്പ് നമ്മുടെ അഭിമാനമാണ്. ലോകമാകെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
#WayanadTownship, #WayanadRehabilitation, #PinarayiVijayan, #KeralaGovernment, #KalpettaTownship, #WayanadNews, #KeralaUpdates, #LDFGovernment, #വയനാട്, #പുനരധിവാസം, #മുഖ്യമന്ത്രി, #കല്പറ്റ, #അതിജീവനം, #കേരളവാർത്തകൾ
#WayanadStrong, #RebuildingWayanad, #KeralaModel, #CMOKerala, #PinarayiVijayan, #WayanadTownshipInauguration, #Survival, #KeralaPride, #വയനാട്, #അതിജീവനം, #പിണറായിവിജയൻ, #ടൗൺഷിപ്പ്, #നവകേരളം






