Breaking NewsLead NewsNEWSWorld

ഇറാനിലെ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അമേരിക്ക, അവർക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങൾക്കും – പിണറായി

കൽപറ്റ: തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂരൽമലയിൽ പറഞ്ഞു. കൽപ്പറ്റയിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സഹോദങ്ങൾ ലക്ഷക്കണക്കിനാണ് ഗൾഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവർക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

വല്ലാത്ത നടുക്കത്തിലാണ് നാടും ലോകവും. മനുഷ്യർ തമ്മിൽ പാലിക്കുന്ന മര്യാദപോലെ തന്നെ രാജ്യങ്ങൾ തമ്മിലും മര്യാദകൾ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെയായിരിക്കണം മറ്റൊരു രാജ്യത്തിനെന്ന് നിർബന്ധിക്കാനാകില്ല. പക്ഷെ നമ്മുടെ നാട്ടിൽ സാധാരണ തെമ്മാടികൾ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങൾ സ്വീകരിക്കുകയാണ്. ആ തെമ്മാടി രാഷ്ട്രങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ് എന്നതാണ് ഏറ്റവും കടുത്ത അനുഭവം. അവരുടെ കയ്യിൽ ആയുധങ്ങളും സമ്പത്തുമുണ്ട്, യുദ്ധ വെറി, പിന്നെ സാധാരണ നിലയിൽ രാജ്യത്തിന് നേതൃത്വം കൊടുക്കേണ്ട മാനസികാവസ്ഥയുള്ളയാൾ തന്നെയാണോ നേതൃത്വം വഹിക്കേണ്ടത് എന്ന ശങ്ക ഇതെല്ലാം കൂടി ഒത്തുവന്നപ്പോൾ ഭ്രാന്തമായ നടപടികളിലേക്ക് കടക്കുകയാണ് അമേരിക്ക എന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

അതുപോലെ ഒരു രാജ്യത്തിനകത്ത് കടന്ന് ആ രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ലോകം കണ്ടതാണ്. ഒരു രാജ്യവും ചെയ്യുന്ന കാര്യമല്ല അത്. ഇറാന് നേരെ ആക്രമണം നടത്താനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായത്. ലോകത്തിന് മുന്നിൽ എന്തെങ്കിലും വസ്തുതകൾ അങ്ങനെ പറയാൻ കഴിഞ്ഞോ? തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ്. ഒരു രാജ്യത്തിന്റെ പരമാധികാരിയായി രാജ്യം കണക്കാക്കുന്ന ആയത്തുള്ള ഖമനയിയെ വീട്ടിൽ മകളെയും കൊച്ചുമകളെയും മകളുടെ ഭർത്താവിയെമെല്ലാം ചേർത്ത് കൊല്ലുന്ന നില. ആധുനിക സാങ്കേതിക വിദ്യയിൽ നേരെ നിന്ന് നിങ്ങൾ എവിടെയുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. അങ്ങനെ മനസിലാക്കി ആയുധം പ്രയോഗിക്കാൻ പറ്റുന്ന വിദ്യകൾ അമേരിക്കയുടെ കയ്യിലുണ്ട്. അതുവെച്ച് രാഷ്ട്രത്തിന്റെ പരമാധികാരിയെ കൊല്ലുകയാണ്. എത്രയെത്ര അക്രമങ്ങൾ. നമ്മുടെ നാട്ടിൽ നല്ലൊരു ഭാഗം കുടുംബങ്ങൾ ഉത്കണ്ഠയിലാണ്. മകനും മകളും വേണ്ടപ്പെട്ടവരുമെല്ലാം ഗൾഫ് നാടുകളിലല്ലേ. അവിടങ്ങളിലെല്ലാം പ്രശ്‌നങ്ങളുമായി വന്നല്ലോ. ഇത്തരം കാര്യങ്ങളെ അപലപിക്കാൻ തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: