ദുബായ്: നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്രയില്‍ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19ന് മാത്രമേ ദുബായില്‍ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
ഇന്ന് ദുബായില്‍ നിന്നാണ് അദ്ദഹം മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തത്. സിംഗപ്പൂരില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിംഗപ്പൂര്‍ യാത്ര വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
കഴിഞ്ഞ ആഴ്ച കേരളത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നില്ല. പരിഗണനാ വിഷയങ്ങള്‍ കുറവായിരുന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിഷയങ്ങള്‍ യോഗത്തില്‍ പരിഗണിക്കാന്‍ ആവാത്തത്. ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിയുമെങ്കിലും പെരുമാറ്റച്ചട്ടം ജൂണ്‍ ആറുവരെ തുടരും.
തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമര്‍ശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. യാത്രയുടെ സ്പോണ്‍സറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായി വി. മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആര്‍ക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമര്‍ശനമുയരുന്നു.