ജയ്പുര്‍: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. 14 അംഗ സംഘമാണ് കുടുങ്ങിയത്. ഇതില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കൊലിഹാന്‍ ഖനിയിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും ഖനിയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് അപകടം നടക്കുമ്പോള്‍ ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റ് ഖനിക്കുള്ളില്‍ 2000 അടി താഴ്ചയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെട്ട എട്ടംഗസംഘം ഖനിക്കുള്ളിലേക്ക് പോയിട്ടുണ്ട്.ചിത്രം എടുക്കുന്നതിനുവേണ്ടി ഖനിക്കുള്ളില്‍ പോയ മാധ്യമപ്രവര്‍ക്കനെ രക്ഷിച്ചു.
കയര്‍ പൊട്ടിയതാണ് ലിഫ്റ്റ് തകരാന്‍ കാരണം.ദ്രുത ഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.