KeralaNEWS

ഒറ്റയടിക്ക് ലക്ഷ്യമിടുന്നത് ലക്ഷം കോടിരൂപ, രണ്ടാംഘട്ടത്തിന് ജൂണ്‍ ആറിന് തുടക്കം

കൊച്ചി: അതിവേഗ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്ന 5 ജി സ്പെക്ട്രത്തിന്റെ എട്ടു ഹൈഫ്രീക്വന്‍സി ബാന്‍ഡുകളുടെ രണ്ടാംഘട്ട ലേലം ജൂണ്‍ ആറിന് തുടങ്ങും. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെര്‍ട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 2022ല്‍ 5ജിയുടെ ആദ്യലേലത്തില്‍ 72,098 മെഗാഹെര്‍ട്സ് വിറ്റ് കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം കോടി സമാഹരിച്ചിരുന്നു. ഉയര്‍ന്ന മുതല്‍മുടക്കും തരംഗദൈര്‍ഘ്യത്തിന്റെ പരിമിതികളും കാരണം മുഴുവന്‍വാങ്ങാന്‍ കമ്പനികള്‍ തയ്യാറായേക്കില്ല. ലൈസന്‍സ് പുതുക്കാനും ചില ബാന്‍ഡുകള്‍ മാത്രം വാങ്ങി 5ജി സേവനം വ്യാപിപ്പിക്കാനും മാത്രമാകും ശ്രമിക്കുക.

Signature-ad

900, 1800 മെഗാഹെര്‍ട്സ് ലൈസന്‍സ് പുതുക്കലിലും 2300 ബാന്‍ഡിലുമാണ് എയര്‍ടെല്ലിന് നോട്ടം. ഇതുവഴി ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് (ഈസ്റ്റ്), ജമ്മുകാശ്മീര്‍, ബംഗാള്‍, അസാം മേഖലകളില്‍ സേവനം തുടരാനാകും. വൊഡഫോണ്‍ ബംഗാള്‍, ഉത്തര്‍പ്രദേശ് ഈസ്റ്റ് മേഖലയ്ക്കായി പിടിമുറുക്കും. 2030വരെ ആവശ്യമായ 5ജി സ്പെക്ട്രം കൈവശമുള്ള ജിയോ, 800 മെഗാഹെര്‍ട്സ് അധികം വാങ്ങി കരുതിവയ്ക്കുമെന്നാണ് സൂചന. യു.പി.എ ഭരണകാലത്തുണ്ടായ 2ജി സപ്രെക്ടം കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ സുതാര്യമായാണ് നടപടികള്‍.

ബി.എസ്.എന്‍.എല്‍ 4ജി നടപ്പാക്കാന്‍ ശ്രമിക്കുന്നതേയുള്ളൂ. 2025ലാണ് 5ജി സര്‍വീസ് ലക്ഷ്യമിടുന്നത്. 5ജിയില്‍ താത്പര്യമുള്ള വരിക്കാര്‍ കൂട്ടത്തോടെ സ്വകാര്യദാതാക്കളെ തേടിപ്പോയി. ഇതുവരെ 1.8 കോടിപ്പേര്‍ വിട്ടുപോയി. ശേഷിക്കുന്നത് 8.8 കോടി മാത്രം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഗ്രാമങ്ങളിലടക്കം 4ജി സേവനമെത്തിക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി കരാറുണ്ട്. എന്നാല്‍ ടി.സി.എസിന് മെല്ലെപ്പോക്കാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

Back to top button
error: