KeralaNEWS

നവകേരള ബസിന്റെ കന്നിയാത്രയില്‍ത്തന്നെ കല്ലുകടി; ‘കാരണഭൂത’മായത് വാതില്‍

കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു. പക്ഷേ, ബസിന്റെ വാതില്‍ കേടായതോടെ ആദ്യ യാത്രതന്നെ കല്ലുകടിയായി. ഒടുവില്‍ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ഓട്ടം തുടങ്ങി അല്പം കഴിഞ്ഞതോടെ ഡോറിലെ ഹൈട്രോളിക് സംവിധാനം കേടായി തനിയെ തുറന്നുപോവുകയായിരുന്നു. ബലംപ്രയോഗിച്ച് അടച്ച് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ ഡോര്‍ തുറന്നുകൊണ്ടേയിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിലെത്തി പ്രശ്‌നം പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണായി കിടന്നതായിരുന്നു ഡോര്‍ ഇടയ്ക്കിടെ തുറന്നുപോകാന്‍ കാരണമായത്.

വിഐപി ബസില്‍ കന്നിയാത്ര നടത്താന്‍ ടിക്കറ്റെടുത്ത് കയറിയ യാത്രക്കാര്‍ക്ക് ബസിലെ പ്രശ്‌നം കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. രണ്ടുദിവസംകൊണ്ട് ടിക്കറ്റ് പൂര്‍ണമായും തീര്‍ന്നു. 26 സീറ്റുകളാണ് ബസിലുള്ളത്.ഇതില്‍ മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനെത്തിയവരാണ് ഏറെയും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.

താമരശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്. യാത്രയ്ക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. മന്ത്രിമാര്‍ ഇരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ടോയ്‌ലറ്റും ലിഫ്റ്റും നിലനിറുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: