മലയാളികളുടെ തീന്‍ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കന്‍ കറിയും ബീഫ് റോസ്റ്റും നാടന്‍ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷന്‍. ഡയറ്റിലാണെങ്കില്‍ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുന്‍പില്‍ ചോറു പോലും മാറി നില്‍ക്കും. സിഖ് നാട്ടില്‍ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചില്‍ കുടിയേറിയിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
അങ്ങനെ വെറുതെ കേരളത്തിലേക്ക് കടന്നുവന്നതല്ല ചപ്പാത്തി. കേരളത്തിന്റെ സമര ചരിത്രം തന്നെ അതിനു പിന്നിലുണ്ട്. വൈക്കം സത്യഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികള്‍ അറിയുന്നത്. കേരളത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട ചപ്പാത്തിയെ ആഘോഷമാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം പേര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ ‘കഥ’ സാഹിത്യസംഘടനയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
ചപ്പാത്തി വന്ന വഴി
സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിലെ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമായ കാലമായിരുന്നു അത്. ആ സമയത്താണ് അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം സത്യഗ്രഹത്തെക്കുറിച്ചറിയുന്നത്. സമരത്തിലുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞ രാജാവ് മൂന്നു കപ്പല്‍ ഗോതമ്പ് കൊച്ചിയിലേക്ക് കയറ്റിവിട്ടു. ഒപ്പം സിഖ് സമുദായത്തിന്റെ നേതൃത്വം വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഒരു സംഘത്തെയും.
1924 ഏപ്രില്‍ 29-ന് അമൃത്സറില്‍നിന്നുള്ള സര്‍ദാര്‍ ലാല്‍ സിങ്ങിന്റെയും ബാബാ കൃപാല്‍ സിങ്ങിന്റെയും നേതൃത്വത്തിലെത്തിയ അകാലികളാണ് സൗജന്യ ഭക്ഷണ ശാല തുറന്നത്. സിഖ് ശൈലിയിലുള്ള പല ഭക്ഷണങ്ങളും വിതരണം ചെയ്‌തെങ്കിലും മലയാളികളുടെ മനം കവര്‍ന്നത് ചപ്പാത്തിയായിരുന്നു. എന്നാല്‍ സിഖുകാര്‍ ഉപയോഗിക്കുന്ന കടുകെണ്ണ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. അതിനു പകരം മലയാളികളുടെ സ്വന്തം വെളിച്ചെണ്ണ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചപ്പാത്തി പ്രേമികളുടെ എണ്ണവും കൂടി.
അതേസമയം, ഭക്ഷണത്തിനു വകയുള്ള മലയാളികള്‍ സിഖുകാരുടെ സൗജന്യം സ്വീകരിക്കുന്നതിനോട് ഗാന്ധിജി എതിരായി. അത് ഭിക്ഷയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. ഇതോടെ സൗജന്യ ഭക്ഷണശാല പൂട്ടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗുരുദ്വാര കമ്മിറ്റിയുടെ ഉത്തരവില്ലാതെ ഭക്ഷണശാല പൂട്ടില്ലെന്നായി അകാലികള്‍. കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഭക്ഷണശാല നിര്‍ത്തുന്നതിനോടു യോജിപ്പാണെന്ന് കെ.എം. പണിക്കരുടെ അറിയിപ്പു വന്നതോടെ അകാലികള്‍ മടങ്ങി. എന്നാല്‍ ഗോതമ്പ് പൊടി കുഴച്ച് ചുട്ടെടുക്കുന്ന ചപ്പാത്തിയുടെ രുചി ഇവിടെ അവശേഷിച്ചു.