Breaking NewsCrimeKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ നിന്നെയും, നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും’; മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍; ‘നിന്റെ ശബ്ദവും നെഞ്ചുറപ്പും ആരെയോ ഭയപ്പെടുത്തുന്നു’

കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് സൈബറിടത്ത് വൈറല്‍. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്. രാഹുലിനെ ഇല്ലായ്മ ചെയ്തവര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നും നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നല്‍കും നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളര്‍ച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്‍കുന്നവരില്‍ ചിലര്‍ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ നിനക്ക് മനസ്സില്‍ ആയില്ലേ ആരും കൂടെ കാണില്ല എന്ന്…… ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്. നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവര്‍ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറില്‍ നല്‍കും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും

Signature-ad

അതേസമയം, രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നാണു കോടതിയുടെ നിരീക്ഷണം. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിലയിരുത്തല്‍. ഗൗരവമേറിയ ആരോപണങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യം അസാധാരണ സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ട പ്രത്യേക അവകാശമാണ്. ഈ കേസില്‍ അസാധാരണ സാഹചര്യം കാണുന്നില്ലെന്നും കോടതി വിലയിരുത്തി. കുറ്റകൃത്യങ്ങളെ ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം എന്ന നിലയില്‍ ലഘൂകരിച്ച് കാണാനാവില്ല. ഗര്‍ഭഛിദ്രം യുവതി സ്വയം ചെയ്തതാണെന്നത് അംഗീകരിക്കാനാകില്ല. അതിജീവിത ഗര്‍ഭഛിദ്രത്തിന് നല്‍കിയത് ഭയരഹിതമായ സമ്മതം ആയിരുന്നില്ലെന്നും കോടതി വിലയിരുത്തി.
സ്വകാര്യതയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു വാദം. അറസ്റ്റ് തടയണമെന്ന, രാഹുലിന്റെ രണ്ടാമത്തെ ഹര്‍ജിയും തള്ളിയിട്ടുണ്ട്.

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസ് റിപ്പോര്‍ട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ഗര്‍ഭഛിദ്രം നടത്തിയതിന്റെ മെഡിക്കല്‍ തെളിവും അതിജീവിതയ്ക്ക് അയച്ച മെസേജുകളുടെ പൂര്‍ണരൂപമടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. ബലാത്സംഗത്തിനും തെളിവുണ്ട്. അതിജീവിത ഗര്‍ഭിണിയായിട്ടും ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. യുവതിയെ ക്രൂരമായി ഉപദ്രവിച്ചെന്നും കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതിനിടെ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി വിധി വന്നതോടെ ഗത്യന്തരമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പത്രക്കുറിപ്പിറക്കി. മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍.

കേരളത്തിന് പുറത്തുതാമസിക്കുന്ന 23കാരിയെ, വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയും രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതില്‍ രണ്ടാമത്തെ കേസും നിര്‍ണായകമായെന്നാണ് വിവരം. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഗീനാകുമാരി സര്‍ക്കാരിനുവേണ്ടി ഹാജരായത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് രാഹുലിന്റെ നീക്കം. അതിനിടെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെ ജീവനക്കാരായ ആല്‍വിന്‍, ഡ്രൈവര്‍ ഫസല്‍ എന്നിവരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു.

 

Back to top button
error: