രാഹുല്‍ മാങ്കൂട്ടം നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിനോടുള്ള സ്ത്രീകളുടെ വിശ്വാസ്യത; പരാതി പറഞ്ഞിട്ടും നടപടിയില്ല; അവസാന നിമിഷംവരെ തള്ളിപ്പറയാതിരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും പ്രതികൂലം; കാലം മാറിയത് അറിയാതെ പോകരുതെന്നും മുന്നറിയിപ്പ്
രാഹുലിനെതിരേ ആദ്യ വിവാദമുയര്‍ന്നപ്പോള്‍തന്നെ അണിയറക്കഥകള്‍ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളായ സ്ത്രീകള്‍തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു രംഗത്തുവന്നിരുന്നു. അന്ന് അവരെ ഒറ്റക്കെട്ടായി എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയാണ് ഉണ്ടായത്. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയും ഉമ തോമസും ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും താര ടോജോ അലക്‌സുമടക്കമുള്ളവര്‍ ശക്തമായ നിലപാട് എടുത്തപ്പോഴും സൈബര്‍ വെട്ടുക്കിളി കൂട്ടത്തെ ഉപയോഗിച്ചു നിശബ്ദരാക്കി.

തിരുവനന്തപുരം: ലൈംഗികാരോപണ കേസുകളില്‍ കോടതിവിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച കോണ്‍ഗ്രസ് നടപടി സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ തിരിച്ചടിയായേക്കുമെന്നു വിലയിരുത്തല്‍. ശബരിമല വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെതിരേ സ്ത്രീകള്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടായതുപോലെയല്ല, ഇക്കുറി സ്ത്രീകള്‍ നിലപാടെടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെതന്നെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വികാരങ്ങള്‍ക്കും മുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൃദൃ നിലപാട് എടുത്തതിലൂടെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയും മൗനത്തിലാണ്.
രാഹുലിനെതിരേ ആദ്യ വിവാദമുയര്‍ന്നപ്പോള്‍തന്നെ അണിയറക്കഥകള്‍ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളായ സ്ത്രീകള്‍തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു രംഗത്തുവന്നിരുന്നു. അന്ന് അവരെ ഒറ്റക്കെട്ടായി എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയാണ് ഉണ്ടായത്. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയും ഉമ തോമസും ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും താര ടോജോ അലക്‌സുമടക്കമുള്ളവര്‍ ശക്തമായ നിലപാട് എടുത്തപ്പോഴും സൈബര്‍ വെട്ടുക്കിളി കൂട്ടത്തെ ഉപയോഗിച്ചു നിശബ്ദരാക്കി. ഇതിനെതിരേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ആണ്‍ നേതൃത്വമാകെ മൗനം പാലിക്കുകയാണുണ്ടായത്.
ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടം ഒരു നിമിത്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസില്‍ കേരളത്തിലെ സ്ത്രീകള്‍ക്കുള്ള വിശ്വാസം അപ്പാടെ ഇടിച്ചുകളയാന്‍ ഒറ്റവിഷയം ഇടയാക്കിയിട്ടുണ്ട്. സാങ്കേതികത്വം ചൂണ്ടിക്കാട്ടി നേതാക്കള്‍ പ്രതിരോധിച്ചപ്പോഴൊക്കെ, സ്ത്രീകള്‍ക്കു പ്രശ്‌നമുണ്ടായാല്‍ നേതൃത്വമുണ്ടാകില്ലെന്ന തോന്നല്‍ പരക്കെയുണ്ടാക്കി. മറ്റു മുന്നണികള്‍ ഇതു കാര്യമായി മുതലെടുത്തു.
സംഘടനാ ചട്ടക്കൂടുകള്‍ അഴിഞ്ഞു നിലംപൊത്താറായ കോണ്‍ഗ്രസിനെ കോണ്‍ഗ്രസിനെ പൂര്‍ണനാശത്തിലേക്ക് നയിക്കാനേ ഇത്തരം നേതാക്കളുടെ നിലപാടുകൊണ്ട് കഴിയൂവെന്നു തെളിയിച്ചെന്നു ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. അമിതമായ രാഹുല്‍ സ്നേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും അന്ധരാക്കി മാറ്റിയെന്ന ചര്‍ച്ചയാണിപ്പോള്‍ ബാക്കി.
ഇരകള്‍ ഒന്നൊന്നായി പരാതിപ്പെട്ടപ്പോള്‍ ‘ഹു കെയേഴ്സ്’ എന്ന കുപ്രസിദ്ധ ഡയലോഗ് ഏറ്റു പിടിക്കുകയാണ് നേതാക്കള്‍ ചെയ്തത്. അപ്പോഴൊന്നും സംസ്ഥാനത്തെ പാതിയോളം വരുന്ന സ്ത്രീ വോട്ടര്‍മാര്‍ എങ്ങനെ വിലയിത്തുന്നെന്ന് കോണ്‍ഗ്രസ് ആലോചിച്ചില്ല. രാഹുലിനെതിരെ പേരിനു മാത്രം നടപടിയെടുത്ത ശേഷം ഇനി കോടതി പറഞ്ഞിട്ടാകാം എന്ന ഉഴപ്പന്‍ നിലപാടെടുത്തതിന് കാലം കോണ്‍ഗ്രസിനോട് കണക്കു ചോദിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ശക്തമായ സാന്നിധ്യമായ സ്ത്രീകളും പറയുന്നു. പിച്ചിച്ചീന്തപ്പെട്ട പെണ്‍മാനത്തിന് ലാഘവത്തോടെയാണു വിലയിട്ടതെന്നു രാഹുലിനെതിരായ വിധിക്കുശേഷം വന്ന പ്രതികരണങ്ങളില്‍ വ്യക്തമാണ്.
തുടക്കം മുതല്‍ കോണ്‍ഗ്രസിലെ യുവാക്കളും മധ്യവയസ്‌കരും വിരമിക്കല്‍ കാത്തിരിക്കുന്നവരുമടക്കം ഒരുകൂട്ടം നേതാക്കള്‍ രാഹുലിനെ കൈവിടില്ലെന്നു തറപ്പിച്ചു പറഞ്ഞവരാണ്. അവരുടെ പിന്‍ബലത്തിലാണ് സൈബര്‍ വെട്ടുകിളിക്കൂട്ടം സ്ത്രീകള്‍ക്കെതിരേ അഴിഞ്ഞാടിയത്. അവര്‍ കൈക്കൊണ്ട നിലപാടുകള്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന സ്ത്രീ സമൂഹം നോക്കിക്കണ്ടത് ഞെട്ടലോടയാണ്. നാളെ തങ്ങളില്‍ ഒരാള്‍ക്ക് ഇതുപോലൊരു ദുരനുഭവം ഉണ്ടായാല്‍ അപ്പോഴും തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍നിന്ന് സംരക്ഷണം കിട്ടാനിടയില്ലല്ലോ എന്നവര്‍ ചിന്തിച്ചാല്‍ തെറ്റു പറയാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തോട് ഇക്കാര്യം ഉച്ചത്തില്‍ ചോദിച്ച വനിതാ നേതാക്കള്‍ നട്ടെല്ല് പണയംവച്ചല്ല തങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ നിലനില്‍ക്കുന്നതെന്നു കാട്ടിക്കൊടുത്തു.
രാഹുലിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും ഷാഫി പറമ്പില്‍ മാനിച്ചില്ലെന്നു കോണ്‍ഗ്രസ് സഹയാത്രിക പരസ്യമായി പറഞ്ഞപ്പോള്‍ അവര്‍ക്കെതിരേ വാളെടുക്കുന്ന സമീപനമായിരുന്നു ആദ്യം. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ ഗ്രൂപ്പില്‍നിന്ന് അവരെ പുറത്താക്കി. അവര്‍ നിലപാടു തുടരുകയും രാഹുലിനെതിരേ വിധി വരികയും ചെയ്തപ്പോള്‍ വീണ്ടും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി! പക്ഷേ, ആ പുറത്താക്കല്‍ നല്‍കിയ സൂചന വന്‍ ചര്‍ച്ചയായി. ‘റീല്‍സ് രാജകുമാരന്‍മാരെ’ന്നു പരസ്യമായി പരിഹസിക്കുന്ന നിലയിലേക്ക് യുവനേതൃത്വം കോണ്‍ഗ്രസിനെ എത്തിച്ചു.
പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധിയെ തേടിയെത്തുന്ന സ്ത്രീകളെ ദുഷിച്ച കണ്ണുകൊണ്ടുഴിഞ്ഞ് അവരെ തനിക്കിരയാക്കി മാറ്റുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍മാരെ സംരക്ഷിക്കാന്‍ നേതൃപദവിയിലിരിക്കുന്നവരെന്തിന് കച്ചമുറുക്കുന്നു എന്ന ചോദ്യമാണു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ സാരം. ‘പിതാവിനെപ്പോലെ നിലപാടെടുത്തു’ എന്നു പറഞ്ഞ നേതാവാണ് ആ പരാതിയുടെ ഗൗരവം നിലനില്‍ക്കെത്തന്നെ രാഹുലിനെ പാലക്കാട്ട് മത്സരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത്. ഒമ്പതോളം പരാതികള്‍ കെപിസിസിക്കു ലഭിച്ചെന്നു പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. ഇതെല്ലാം അറിയാമയിരുന്ന കെപിസിസി പ്രസിഡന്റ് അതിജീവിത നല്‍കിയ പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസിനു കൈമാറിയത്. മുകേഷ് രാഷ്ട്രീയത്തില്‍ എത്തുന്നതിനു 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പീഡന പരാതിയുടെ പേരില്‍ പ്രതിരോധിക്കുമ്പോള്‍ എല്‍ദോസ് കുന്നപ്പള്ളിയുടെയും എം. വിന്‍സെന്റിന്റെയും കാര്യത്തില്‍ എന്തു നിലപാട് എന്ന ചോദ്യത്തെ പ്രതിരോധിക്കാനും അവര്‍ക്കു കഴിഞ്ഞിട്ടില്ല.






