Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രണ്ടു കോടതിയില്‍ ഒരേ സമയം ജാമ്യ ഹര്‍ജി; രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഒന്നു പിന്‍വലിച്ചു രേഖകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കാമെന്നു കോടതി; വാദം മാറ്റിവച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കുന്നില്ലെന്നും പോലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡന പരാതി നല്‍കിയ യുവരിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനു ജാമ്യത്തിനായി കാത്തിരിക്കേണ്ടിവരും. രണ്ടു കോടതികളില്‍ ഒരേസമയം ജാമ്യ ഹര്‍ജി നല്‍കിയതോടെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് വാദം മാറ്റിവച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് രാഹുല്‍ രണ്ട് അഭിഭാഷകര്‍ മുഖേന ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ജാമ്യഹര്‍ജി കേള്‍ക്കുന്നത് മാറ്റിവച്ചു. ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കെ കീഴ്ക്കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതു നിയമവിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ജില്ലാ കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു.

Signature-ad

പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്വേഡ് നല്‍കാന്‍ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കും.

നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: